അല്ലു അര്ജുന് ജയ് വിളിക്കാനാവശ്യപ്പെട്ട് ബെംഗളൂരുവില്‍ യുവാവിനെ വളഞ്ഞിട്ടാക്രമിച്ച് അല്ലു അര്‍ജുന്റെ ആരാധകപ്പട. കെ.ആർ പുരത്താണ് സംഭവം. ആക്രമത്തിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പ്രചരിച്ചതോടെ നടപടി സ്വീകരിക്കാന്‍ പൊലീസും രംഗത്ത്.
അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ ചേർന്ന് ഒരു യുവാവിനെ മർദിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലെ ഉള്ളടക്കം. ശരീരമാകെ ചോര ഒലിപ്പിച്ച് നില്ക്കുന്ന യുവാവിനെ ഗ്രൗണ്ടിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിന് മുഖത്തുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ യുവാവിനോട് ജയ് അല്ലു അർജുൻ എന്നു വിളിക്കാന്‍ ആവശ്യപ്പെടുന്നതും ഈ വിഡിയയോയിലുണ്ട്.
ബെംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്താണ് വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മര്‍ദനമേറ്റത് സൂപ്പര്‍ താരം പ്രഭാസിന്റെ ആരാധകനാണെന്നാണ് കരുതുന്നത്. ‘അല്ലു അർജുൻ ഫാൻസ് vs പ്രഭാസ് ഫാൻസ്’ എന്ന തരത്തിലുള്ള കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്. രണ്ടു താരങ്ങളുടെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ .