റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കോച്ച് ഗൗതം ഗംഭീറും വെറ്ററന്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരും തമ്മില്‍ അസ്വാരസ്യമെന്നു വെളിപ്പെടുത്തല്‍. ദേശീയ മാധ്യമങ്ങളാണ് ആരാധകരെ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഒന്നാം ഏകദിനം 17 റണ്ണിനു ജയിച്ചതിനു പിന്നാലെ നടന്ന വിജയാഘോഷത്തില്‍നിന്നു കോഹ്ലി വിട്ടു നിന്നിരുന്നത്. മത്സരശേഷം ഇന്ത്യന്‍ നായകന്‍ ലോകേഷ് രാഹുല്‍ കേക്ക് മുറിച്ചാണ് വിജയമാഘാഷിച്ചത്. വിരാട് കോഹ്ലി സ്‌ഥലത്തെത്തിയെങ്കിലും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തയാറായില്ല.
സഹ താരങ്ങള്‍ നിര്‍ബന്ധിച്ചെങ്കിലും താരം മുന്നോട്ടു നടന്നു. അതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. താരം പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്‌തമാക്കിയില്ല. കോച്ച് ഗംഭീറിനെ ശ്രദ്ധിക്കാതെ ഡ്രസിങ് റൂമിലേക്ക് കടന്നു പോകുന്ന കോഹ്ലിയുടെ ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നു. രോഹിത് ശര്‍മയും ഗംഭീറും ഹോട്ടലിനുള്ളില്‍നിന്ന് തര്‍ക്കിക്കുന്നതും
വീഡിയോയില്‍ കാണാം. ടെസ്‌റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച കോഹ്ലിയും രോഹിത് ശര്‍മയും ഏകദിനത്തില്‍ മാത്രമാണു കളിക്കുന്നത്‌്. രാഹുല്‍ ദ്രാവിഡ് കോച്ചായിരുന്നപ്പോള്‍ കോഹ്ലിക്കും രോഹിത്തിനും അദ്ദേഹവുമായി ഉണ്ടായിരുന്ന ബന്ധം ഗംഭീറുമായില്ല.
ഗംഭീര്‍ കോച്ചായി വൈകാതെ ടീമിലെ താര സമ്പ്രദായത്തിനെതിരേ പരസ്യ നിലപാടെടുത്തിരുന്നു. ഗംഭീര്‍ ചുമതലയേറ്റതിനു പിന്നാലെയാണു രോഹിത്തും കോഹ്ലിയും ടെസ്‌റ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. റായ്‌പുരില്‍ നാളെ നടക്കുന്ന രണ്ടാം ഏകദിനത്തിനു മുന്നോടിയായി ബി.സി.സി.ഐ. അടിയന്തര യോഗം വിളിച്ചു.
കോച്ച് ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ചില കാര്യങ്ങള്‍ അടിയന്തരമായി പരിഗണിക്കുന്നതിനായാണ് യോഗം. ബി.സി.സി.ഐ. സെക്രട്ടറി ദേവജിത് സൈക്യ, ജോയിന്റ് സെക്രട്ടറി പ്രഭ്‌തേജ് സിങ് ഭാട്ടിയ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ടീമിലെ സെലക്ഷന്‍ സ്‌ഥിരത, ദീര്‍ഘകാലാടിസ്‌ഥാനത്തിലുള്ള മാറ്റങ്ങള്‍, ടീമിന്റെ പ്രകടനം എന്നിവ ചര്‍ച്ച ചെയ്യാനാണു യോഗം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയതു ചര്‍ച്ചയാകും. ഗംഭീറും അഗാര്‍ക്കറും യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ വിശദീകരണം തേടിയേക്കും വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നീ താരങ്ങളുടെ ഭാവി സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം. മുതിര്‍ന്ന താരങ്ങളും മാനജ്‌മെന്റും തമ്മില്‍ ശരിയായ രീതിയില്‍ ആശയവിനിമയം നടക്കുന്നില്ലെന്നും ഇതു പരിഹരിക്കണമെന്നും ബോര്‍ഡ് കരുതുന്നു. 2027 ലോകകപ്പില്‍ ഇരുവരും കളിക്കുമെന്നതില്‍ വ്യക്‌തതയില്ല. ഇരുവരും ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്നും മാനേജ്‌മെന്റ് നിര്‍ദേശമുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ രോഹിത്തും കോഹ്ലിയും സമ്മതം അറിയിച്ചെന്നാണു സൂചന.




