മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എംഎസ് ധോണിയുടെ ഭാവിയെ കുറിച്ച് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയാണ് നടക്കുന്നത്. 42 കാരനായ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍, ഐപിഎല്‍ 2024 ല്‍ ടീമിന്റെ നായകസ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് കൈമാറുകയും സീസണില്‍ സിഎസ്കെ ബാറ്റിംഗ് നിരയില്‍ സ്വയം താഴേയ്ക്ക് ഇറങ്ങുകയും ചെയ്തത് താരം വിരമിക്കാന്‍ പോകുന്നതിന്റെ സൂചനയായി കണക്കാക്കുന്നുണ്ട്.
എപ്പോള്‍ വേണമെങ്കിലും വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഐപിഎല്‍ 2025 ല്‍ താരം സിഎസ്കെ ജഴ്സിയില്‍ കാണുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ ഇപ്പോള്‍ ജന്മനാടായ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം മികച്ച സമയം ചെലവഴിക്കുകയാണ് ധോണി. ക്രിക്കറ്റിലെ അപാരമായ വിജയത്തിലും എളിമയുള്ള സ്വഭാവത്തിന് പേരുകേട്ട ധോണി, റാഞ്ചിയിലെ ഒരു പ്രാദേശിക ധാബയില്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ സ്വഭാവത്തെ കാട്ടുന്നുണ്ട്.
തന്റെ വലിയ സൗഹൃദകൂട്ടത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ധോണിയും സുഹൃത്തുക്കളും തമ്മിലുള്ള സ്നേഹബന്ധം കാണിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാകുകയും ആരാധകരെ ആകര്‍ഷിക്കുകയും ചെയ്തു. നേരത്തെ ഇന്ത്യയുടെ യുവ പേസര്‍ ഖലീല്‍ അഹമ്മദും ധോണിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയുമായി നടത്തിയ അഭിമുഖത്തില്‍ ധോണിക്ക് ഒരു പൂച്ചെണ്ട് നല്കുന്ന ഫോട്ടോ കാണിച്ച് അതിന്റെ പിന്നിലെ കഥ ഖലീലിനോട് ചോദിച്ചു.
”ഈ ഫോട്ടോ എടുത്തത് ന്യൂസിലാന്‍ഡില്‍ നിന്നാണ്. ഞങ്ങള്‍ മെയിന്‍ ഗ്രൗണ്ടില്‍ നിന്ന് പ്രാക്ടീസ് ഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു. മഹി ഭായിക്ക് അവന്റെ സുഹൃത്തുക്കള്‍ പൂക്കള്‍ നല്കി. ഞാന്‍ അവനോടൊപ്പം നടക്കുകയായിരുന്നു. അവന് പൂക്കള്‍ എനിക്ക് കൈമാറി. മഹി ഭായ് എന്റെ സുഹൃത്തല്ല. എന്റെ ജ്യേഷ്ഠനും ഗുരുവുമൊക്കെയാണ്.” ഖലീല്‍ ചോപ്രയുടെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
