Movie News

ഉർവശി റൗട്ടേലയുടെ ഡാക്കു മഹാരാജിലെ ‘സീനുകള്‍’ നെറ്റ്ഫ്ലിക്സ് വെട്ടിയോ? സത്യം ഇതാണ്

നന്ദമൂരി ബാലകൃഷ്ണ നായകനായ ‘ഡാകു മഹാരാജ്’ എന്ന തെലുങ്കുസിനിമയുമായി ബന്ധപ്പെട്ട ഒച്ചപ്പാടുകള്‍ അവസാനിക്കുന്നില്ല. സമൂഹ്യമാധ്യമങ്ങളില്‍ ബോളിവുഡ് നടി ഉര്‍വ്വശി റൗട്ടേലെയെ ട്രോളി കൊല്ലുകയാണ് ഒരു കൂട്ടം ആള്‍ക്കാര്‍. ജനുവരി 12ന് ചിത്രം പ്രീമിയര്‍ ചെയ്തത് മുതല്‍ തുടങ്ങിയതാണ് കോലാഹലങ്ങള്‍. പ്രമോഷന്‍ സമയത്ത് ഉര്‍വ്വശിയുടെ തുറന്നടിച്ച പ്രതികരണങ്ങള്‍ മുതല്‍ സിനിമ എപ്പോഴും വാര്‍ത്തകളില്‍ നിറയുന്നു. സിനിമ പുറത്തുവന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും അടങ്ങുന്നുമില്ല.

സിനിമയിലെ ‘ദബിദി ദിബിദി’ എന്ന ഗാനരംഗമാണ് ഒച്ചപ്പാടിന് കാരണമായിരിക്കുന്നത്. വാഗ്‌ദേവി ആലപിച്ച ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടെങ്കിലും പാട്ടും പാട്ടരംഗവും ഒരു പോലെ അശ്‌ളീലമാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ആക്ഷേപം. ഇതിന് പുറമേ നന്ദമുരി ബാലകൃഷ്ണയും (64) ഉര്‍വശി റൗട്ടേലയും (30) തമ്മിലുള്ള പ്രായവ്യത്യാസവും സിനിമയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുന്നുണ്ട്. പാട്ടിന്റെ ഗാനരംഗവും നൃത്തച്ചുവടുകളും അശ്‌ളീലതയും അശ്‌ളീല ആംഗ്യങ്ങള്‍ കൊണ്ടും നിറഞ്ഞതാണെന്നും ആക്ഷേപമുണ്ട്. ശേഖര്‍ മാസ്റ്ററാണ് ഗാനരംഗം കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ വിമര്‍ശനത്തിന് മറുപടിയുമായി ഉര്‍വശി റൗട്ടേല എത്തിയിരുന്നു. എന്തുകൊണ്ടാണ് ആളുകള്‍ നൃത്തത്തെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്നതെന്ന് വിലയിരുത്താന്‍ പ്രയാസമാണെന്ന് അവര്‍ പറഞ്ഞു. ഡാകു മഹാരാജിന്റെ ഒരു പ്രൊമോഷണല്‍ ഇവന്റിനിടെ, ഉര്‍വ്വശി റൗട്ടേലയുടെ ചില പരാമര്‍ശങ്ങള്‍ കൂടി ഉയര്‍ത്തിയാണ് ഓണ്‍ലൈന്‍ വിമര്‍ശകര്‍ അവരെ കീറി മുറിച്ചത്. സെയ്ഫ് അലി ഖാന് നേരെ ആക്രമണം നടന്ന സമയത്ത് അതിനെക്കുറിച്ച് സംസാരിക്കുന്നതിന് പകരം നടി സിനിമയുടെ വിജയത്തെക്കുറിച്ച് പറഞ്ഞതിനാണ് റൗട്ടേലയെ ട്രോളിയത്.

സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തെക്കുറിച്ച് സംസാരിക്കുന്നതിനുപകരം, ചിത്രത്തിന്റെ 105 കോടി രൂപയുടെ ബോക്സ് ഓഫീസ് കളക്ഷനെ കുറിച്ച് റൗട്ടേല ആഹ്ലാദിക്കുകയും അവളുടെ വിലയേറിയ ആഭരണങ്ങള്‍ കാണിക്കുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുമായുള്ള സംഭാഷണത്തില്‍ ഉര്‍വശി റൗട്ടേല പറഞ്ഞു, ”ഇത് വളരെ നിര്‍ഭാഗ്യകരമാണ്. ഇപ്പോള്‍, ഡാകു മഹാരാജ് ബോക്സ് ഓഫീസില്‍ 105 കോടി കടന്നു, എന്റെ അമ്മ എനിക്ക് ഈ വജ്രം പതിച്ച റോളക്‌സ് സമ്മാനിച്ചു, എന്റെ അച്ഛന്‍ എനിക്ക് ഈ മിനി വാച്ച് സമ്മാനിച്ചു, പക്ഷേ അത് തുറന്ന് ധരിക്കാന്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമില്ല. ആര്‍ക്കും നമ്മെ ആക്രമിക്കാന്‍ കഴിയുന്ന ഈ അരക്ഷിതാവസ്ഥയുണ്ട്. സംഭവിച്ചതെല്ലാം വളരെ നിര്‍ഭാഗ്യകരമായിരുന്നു.”

ട്രോള്‍ കൂടിയതോടെ നടി ക്ഷമ പറയുകയും ചെയ്തു. ഫെബ്രുവരി 21-ന് ഒടിടി റിലീസിന് മുന്നോടിയായി ഡാകു മഹാരാജില്‍ നിന്ന് ഉര്‍വ്വശി റൗട്ടേലയെ അവതരിപ്പിക്കുന്ന രംഗങ്ങളും നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉര്‍വ്വശി ഇല്ലാതെ തന്നെ നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി, പോസ്റ്ററില്‍ നിന്ന് ഉര്‍വ്വശി റൗട്ടേലയെ പുറത്താക്കിയത് ആരാധകര്‍ക്കിടയില്‍ കോലാഹലത്തിന് കാരണമായി.

തുടര്‍ന്ന് ഡാകു മഹാരാജിന്റെ വ്യക്തിഗത കഥാപാത്ര സ്ലൈഡുകൾ പുറത്തിറക്കി നെറ്റ്ഫ്‌ളിക്‌സ് തിരുത്തലുകൾ വരുത്തി. രസകരമെന്നു പറയട്ടെ, ഉർവശിയുടെ ഫോട്ടോ രണ്ടുതവണ കറൗസലിൽ പ്രത്യക്ഷപ്പെട്ടു. ഡാകു മഹാരാജിന്റെ നെറ്റ്ഫ്ലിക്സ് പതിപ്പിൽ നിന്ന് ഉർവശി റൗട്ടേലയുടെ രംഗങ്ങൾ ഇല്ലാതാക്കിയെന്ന അഭ്യൂഹങ്ങൾ ശരിയല്ലെന്നം റിപ്പോര്‍ട്ടുകളുണ്ട്. “ഉർവശി അഭിനയിക്കുന്ന രംഗങ്ങളെക്കുറിച്ചുള്ള വാർത്തകൾ പൂർണ്ണമായും തെറ്റാണ്. റിപ്പോർട്ടുകളിൽ സത്യമില്ല. നെറ്റ്ഫ്ലിക്സ് ഒന്നും വെട്ടിക്കുറച്ചിട്ടില്ല. ഡാക്കു മഹാരാജിന്റെ അതേ തിയേറ്റർ റൺ ഒടിടിയിൽ റിലീസ് ചെയ്യും,” നെറ്റ്ഫ്‌ളിക്‌സ് വൃത്തങ്ങള്‍ പറയുന്നു.