Hollywood

തെരുവിലെ ചവറ്റുകുട്ടയില്‍നിന്ന് ലോകസിനിമയിലേക്ക്; മിഥുന്‍ചക്രവര്‍ത്തിയുടെ മകള്‍ ഹോളിവുഡില്‍

ബോളിവുഡ് ഐക്കണ്‍ മിഥുന്‍ ചക്രബര്‍ത്തിയുടെയും യോഗിത ബാലിയുടെയും പുത്രി ദിഷാനി ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ബോളിവുഡിലെ ഇതിഹാസനായകനായ പിതാവിന്റെ പാതയിലൂടെയാണ് നടക്കുന്നതെങ്കിലും നടി പോകുന്നത് ഹോളിവുഡിലേക്കാണ്. മിഥുന്‍ ചക്രബര്‍ത്തിയുടേയും യോഗിതയുടെയും ദത്തുപുത്രിയാണ് ദിഷാനി.

കൊല്‍ക്കത്തയിലെ ദുരന്തപൂര്‍ണമായ തുടക്കം മുതല്‍ ലോസ് ഏഞ്ചല്‍സില്‍ അഭിനയം പഠിച്ച് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് വരെ ഒരു സിനിമാക്കഥ പോലെയാണ് ദിഷാനിയുടെ ജീവിതം. കൊല്‍ക്കത്തയില്‍ ജനിച്ചയുടനെ ഒരു ചവറ്റുകുട്ടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ അവ​ളെ കണ്ടെത്തിയത് ഒരു വഴിപോക്കനാണ്.

സംഭവം പത്രത്തില്‍ വായിച്ച മിഥുന്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയില്‍ ഓടിയെത്തി പെണ്‍കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ഭാര്യ യോഗിത ബാലി ആ തീരുമാനത്തെ പൂര്‍ണമായി പിന്തുണക്കുകയും ചെയ്തു. ദമ്പതികള്‍ ഉടന്‍ തന്നെ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കി ദിഷാനിയെ കുടുംബത്തിലേക്ക് ദത്തെടുത്തു.

അവളെ വീട്ടിലേക്ക് കൊണ്ടുവന്നതിന് ശേഷം മിഥുന്‍ ചക്രവര്‍ത്തി അവള്‍ക്ക് ദിഷാനി എന്ന് പേരിട്ടു. ദിഷാനി തന്റെ വളര്‍ത്തു പിതാവ് മിഥുനുമായി ആഴത്തിലുള്ള ബന്ധമാണ് പങ്കിടുന്നു. തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് അഭിനയത്തില്‍ ഒരു കരിയര്‍ കെട്ടിപ്പടുക്കാനായിരുന്നു ദിഷാനിയുടെ ആഗ്രഹം. ഇന്ത്യയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി ലോസ് ഏഞ്ചല്‍സിലേക്ക് മാറുകയും ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്ന് അഭിനയത്തില്‍ ബിരുദം നേടുകയും ചെയ്തു.

അവര്‍ക്ക് മൂന്ന് സഹോദരന്മാരുണ്ട്-മഹാക്ഷയ്, ഉഷ്മി, നമാഷി ചക്രവര്‍ത്തി-ഇവരെല്ലാം സിനിമ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. 2017ല്‍ ഗിഫ്റ്റ് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അവര്‍ അവസാനമായി അഭിനയിച്ചത് ദി ഗസ്റ്റ് (2022) എന്ന ഷോര്‍ട്ട് ഫിലിമിലാണ്. ഇതിലെ അവളുടെ പ്രകടനം ഏറെ പ്രശംസ നേടിക്കൊടുത്തു. ദിഷാനി ഇപ്പോള്‍ മൈല്‍സ് മാന്ത്‌സാരിസുമായി പ്രണയത്തിലാണ്.