ലോകം ആകാംഷയോടെ കാത്തിരുന്ന ലിയോണേല്‍ മെസ്സി ക്രിസ്ത്യാനോ റൊണാള്‍ഡോ പോരില്‍ രണ്ടുപേരുടേയും സാന്നിദ്ധ്യം കാര്യമായി ഇല്ലാതിരുന്ന മത്സരത്തില്‍ മെസ്സിയുടെ ഇന്റര്‍മയാമിയെ റൊണാള്‍ഡോയുടെ അല്‍ നസര്‍ പഞ്ഞിക്കിട്ടു. ഏകപക്ഷീയമായ ആറു ഗോളിനായിരുന്നു അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍മയാമിയെ സൗദിക്ലബ്ബ് അല്‍ നസര്‍ വീഴ്ത്തിയത്. ഇതോടെ മെസ്സിയുടെ ടീമിന്റെ സൗദിയിലെ രണ്ടു മത്സരങ്ങളും ദുരന്തമായി. ആദ്യ മത്സരത്തില്‍ സൗദിലീഗില്‍ ഒന്നാം സ്ഥാനത്തുള്ള നെയ്മറിന്റെ ക്ലബ്ബ് അല്‍ ഹിലാല്‍ ഇന്റര്‍മയാമിയെ 4-3 ന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയത്.
മെസ്സിയും ക്രിസ്ത്യാനോയും തമ്മിലുള്ള പോരാട്ടമെന്ന് വിധിയെഴുതിയ മത്സരത്തില്‍ രണ്ടുപേരുടേയും സാന്നിദ്ധ്യം കാര്യമായി കളത്തില്‍ ഉണ്ടായിരുന്നില്ല. പരിക്കേറ്റ ക്രിസ്ത്യാനോ മത്സരത്തില്‍ കളിക്കുന്നില്ല എന്ന് നേരത്തേ അല്‍ നസര്‍ പ്രഖ്യാപിച്ചതിനാല്‍ മെസ്സിയെ ഇന്റര്‍മയാമിയും പകരക്കാരുടെ ബഞ്ചിലാണ് ഇരുത്തിയത്. മെസ്സിയും ക്രിസ്ത്യാനോയും ഇല്ലാത്ത കളിയില്‍ ബ്രസീലിയന്‍ താരം ടെലിസ്ക്കയുടെ ഹാട്രിക്കായിരുന്നു ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. ഒടാവിയോ, അയ്മെറിക് ലപ്പോര്‍ട്ടെ, മൊഹമ്മദ് മറന് എന്നിവര്‍ കൂടി ഗോള്‍ നേടി. ആദ്യ 12 മിനിറ്റില്‍ തന്നെ മെസ്സിയുടെ ടീം മൂന്ന് ഗോളിന് മുന്നിലായിരുന്നു. കളിയുടെ 83 ാം മിനിറ്റിലാണ് മെസ്സി കളത്തിലേക്ക് എത്തിയത്. എന്നാല്‍ കളിയില്‍ ഒരു മാറ്റവും ഉണ്ടാക്കാനായില്ല.
റിയാദിലെ കിംഗ്ഡം അരീനയില്‍ നടന്ന മത്സരത്തില്‍ കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ഒറ്റാവിയയിലൂടെ അല്‍ നസര്‍ മുന്നിലെത്തി. ആന്ഡേഴ്സണ് ടെലിസ്ക്ക ലീഡ് ഉയര്‍ത്തി. പിന്നാലെ ലപ്പോര്‍ട്ടെയുടെ ഊഴമായിരുന്നു. 12 ാം മിനിറ്റില്‍ ലപ്പോര്ട്ടെയും ഗോള്‍ നേടിയതോടെ ഇന്റര്‍മയാമി ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളിന് പിന്നിലായി. പിന്നാലെ ടെലിസ്ക്ക 51 ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നും ഗോള്‍ നേടി. പിന്നാലെ മൊഹമ്മദ് മാരനും ഗോള്‍ നേടി. ഒടുവില്‍ 73 ാം മിനിറ്റില്‍ ടെലിസ്ക്ക വീണ്ടും ഗോള്‍ നേടിയതോടെ കളി ഇന്റര്‍മിയാമിയ്ക്ക് ദുരന്തമായി മാറുകയും ചെയ്തു. സൗദി ലീഗില്‍ അല്‍ നസര്‍ അടുത്തതായി നേരിടാന്‍ പോകുന്നത് അല്ഹിലാലിനെയാണ്.