Oddly News

ഏലിയൻ ലാൻഡ്‌സ്‌കേപ്പ്? ചൊവ്വയിലെ മനുഷ്യമുഖമുള്ള പാറ ശ്രദ്ധേയമാകുന്നു

ഭൂമിയുടെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് ചൊവ്വ. ഒരു ചെറിയ റോക്കറ്റ് യാത്ര മാത്രം അകലമുള്ള ഇവിടെ അന്യഗ്രഹ ജീവികളെ കണ്ടെത്താനാകുമോ എന്ന് വളരെക്കാലമായി ഭൂമിയിലെ മനുഷ്യൻ ഉറ്റു നോക്കുകയാണ് .

അത്തരമൊരു ജീവിതമോ, ജീവികളെയോ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും നാസയും മറ്റ് ബഹിരാകാശ ഏജൻസികളും ചുവന്ന ഗ്രഹത്തിന്റെ ഉപരിതലവും ആകാശവും പരിശോധിക്കാൻ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വരുന്നു. വിചിത്ര രൂപങ്ങളുടെ സവിശേഷമായ ചിത്രങ്ങൾ ശാസ്ത്രജ്ഞർക്കും ബഹിരാകാശ പ്രേമികൾക്കും ഒരേ സമയം ഭയവും ജിജ്ഞാസയും ഉണർത്തുന്നവയാണ് .

ഒരു തുറന്ന യാത്രാ പുസ്തകം മുതൽ കരടിയുടെ മുഖം, നിഗൂഢമായ വാതിൽ എന്നിങ്ങനെ തോന്നിപ്പിക്കുന്ന കൗതുകകരമായ പലതും ചൊവ്വയിലുണ്ട്. നാസയുടെ പെർസെവറൻസ് റോവർ പകർത്തിയ ഒരു ചിത്രമാണ് ഇത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഭയാനകമായ ഒരു രൂപമാണ്. ശരീരത്തിൽ നിന്നും വേർപെട്ട ഒരു മനുഷ്യ ശിരസ്സാണ് പാറയുടെ രൂപത്തില്‍ ചിത്രത്തിലുള്ളത്.

നാസയുടെ മാർസ് പെർസെവറൻസ് റോവർ അതിൻ്റെ റൈറ്റ് മാസ്‌ക്യാം-ഇസഡ് ക്യാമറ ഉപയോഗിച്ചാണ് ഈ ചിത്രം പകർത്തിയത്.
Mastcam-Z എന്നത് റോവറിന്റെ മാസ്റ്റിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജോടി ക്യാമറകളാണ്.

ഈ പാറ ചുറ്റുമുള്ള മറ്റ് പാറകളിൽ നിന്ന് വ്യത്യസ്തമല്ല, മണൽക്കല്ലിന്റെ ഒരു ഭാഗം പോലെയാണ് ഇത് കാണപ്പെടുന്നത്. ചൊവ്വയിൽ ഇത് അസാധാരണമല്ല, പ്രത്യേകിച്ചും വെള്ളം ഒഴുകിയിരുന്നതായി കരുതപ്പെടുന്നിടത്ത്, എന്നാണ് സയൻസ് അലേർട്ട് പറയുന്നത്. ചൊവ്വയിൽ ഇത്തരത്തിൽ സമാനമായ പാറകൾ കണ്ടെത്താൻ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് നാസ.