Oddly News

സൗരയൂഥത്തിലൂടെ പുതിയ ‘സഞ്ചാരി’: അന്യഗ്രഹ ജീവികളുടേതെന്നും വാദം

സൗരയൂഥത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന വസ്‌തു ദൂരദര്‍ശിനികളില്‍ പതിഞ്ഞു. ഔദ്യോഗികമായി 3ഐ/എ.ടി.എല്‍.എ എന്ന്‌ നാമകരണം ചെയ്‌ത ആ വസ്‌തുവിന്‌ 20 കിലോ മീറ്ററിലേറെയാണു നീളം. മണിക്കൂറില്‍ 2,17,261കിലോമീറ്ററാണു വേഗം. ഹവായിയിലെ ദൂരദര്‍ശിനി ഉപയോഗിച്ച്‌ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി(ഇ.എസ്‌.എ)യാണു 3ഐ/എ.ടി.എല്‍.എയെ പകര്‍ത്തിയത്‌.

ജൂലൈ ഒന്നിനാണ്‌ ആ വസ്‌തു ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. അതിന്റെ തിളക്കമാണു ഗവേഷകരെ ആകര്‍ഷിച്ചത്‌. അത്‌ സജ്‌ജീവ ധൂമകേതുവാണെന്നാണ്‌ ആദ്യ നിഗമനം. അവ സൂര്യനോട്‌ അടുക്കുമ്പോള്‍ ഐസ്‌, വാതകം എന്നിവയാണു തിളക്കം സൃഷ്‌ടിക്കുന്നത്‌. എങ്കിലും അതിന്റെ പ്രകാശ തീവ്രത വിശദീകരിക്കാന്‍ കഴിയില്ലെന്ന്‌ ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയിലെ ഭൗതികശാസ്‌ത്രജ്‌ഞനായ പ്രഫസര്‍ അവി ലോബ്‌ പറഞ്ഞു.

ആ പ്രകാശം കൃത്രിമമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗരയൂഥത്തിന്‌ പുറത്താണ്‌ അവയുടെ ഉത്ഭവമെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. നിലവില്‍ ഭൂമിയില്‍നിന്ന 67 കോടി കിലോമീറ്റര്‍) അകലെയാണ്‌ 3ഐ/എ.ടി.എല്‍.എ. അതിന്റെ ഭ്രമണപഥവും അവിശ്വസനീയമായ വേഗതയുമാണ്‌ ആ സൂചന നല്‍കുന്നത്‌. ഒക്‌ടോബര്‍ 30 ന്‌ സൂര്യനോട്‌ ഏറ്റവും അടുത്തുള്ള സ്‌ഥാനത്ത്‌ 21 കോടി കിലോമീറ്റര്‍ അകലെ ചൊവ്വയുടെ ഭ്രമണപഥത്തിനു സമീപം ആ വസ്‌തുവെത്തും. എന്തായാലും ആ വസ്‌തു ഭൂമിക്ക്‌ ഭീഷണിയല്ല. ഭൂമിയില്‍നിന്ന്‌ 24 കോടി കിലോമീറ്റര്‍ അകലെക്കൂടി അപകടരഹിതമായി കടന്നുപോകും.

ശാസ്‌ത്രജ്‌ഞര്‍ സൗരയൂഥത്തിലൂടെ കടന്നുപോകുന്ന സൗരയൂഥത്തിനു പുറത്തുളള വസ്‌തു കണ്ടെത്തുന്നത്‌ ഇത്‌ മൂന്നാം തവണയാണ്‌. ആദ്യത്തേത്‌ 2017 ലെ ‘ഔമുഅമുവും’, തുടര്‍ന്ന്‌ 2019 ലെ ബോറിസോവുമാണ്‌. ‘ഔമുഅമു’ ആദ്യമായി കണ്ടെത്തിയപ്പോള്‍, അതിന്റെ ഭ്രമണവും വേഗതയും സംബന്ധിച്ച ചില അപാകതകളാണു അത്‌ സൗരയൂഥത്തിനു പുറത്തുനിന്നാണെന്ന നിഗമനത്തിലേക്കു നയിച്ചത്‌.

ആ സാഹചര്യത്തിലാണു ചില ഗവേഷകര്‍ 3ഐ/എ.ടി.എല്‍.എ സൗരയൂഥത്തിനു പുറത്തുള്ള ബഹിരകാശ വാഹനമാണെന്ന വാദം ഉന്നയിക്കുന്നത്‌. എന്നാല്‍, അതിനു തെളിവില്ലെന്നാണു ഭൂരിപക്ഷ അഭിപ്രായം. എന്നിരുന്നാലും, ധൂമകേതു ഭൂമിയോട്‌ ഏറ്റവും അടുത്ത സ്‌ഥാനത്ത്‌ എത്തുമ്പോള്‍, അത്‌ സൂര്യന്‌ പിന്നില്‍ മറഞ്ഞിരിക്കും, അതിനാല്‍ ഡിസംബറില്‍ വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍ ജ്യോതിശാസ്‌ത്രജ്‌ഞര്‍ മികച്ച നിരീക്ഷണങ്ങള്‍ നടത്തേണ്ടിവരും.