തനിക്ക് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. അടുത്തിടെ മന:ശാസ്ത്ര പരിശോധന നടത്തിയതിലൂടെയാണ് തനിക്ക് എ ഡി എച്ച് ടിയുണ്ടെന്ന് സ്ഥിരീകരിച്ചെതെന്നു നടി പറഞ്ഞു. പുതിയ ചിത്രത്തിന്റെ റിലീസിന് പിന്നീലെ ലാലന്‍ടോപിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
തനിക്ക് കുട്ടികാലം മുതല്‍ തന്നെ ഈ അവസ്ഥയുണ്ടെന്നും ചെയ്യുന്ന കാര്യങ്ങളിലൊന്നും അധിക നേരം ശ്രദ്ധിക്കാനാവില്ലയെന്നും ക്ലാസിലിരിക്കുമ്പോഴും സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴുമെല്ലാം ജാഗ്രത നഷ്ടമാകുമെന്നും മനസ്സ് പെട്ടെന്ന് മറ്റ് എന്തിലൊട്ടെങ്കിലും തെന്നി അകലുമെന്നും ആലിയ പറഞ്ഞു.
പല കാര്യങ്ങളിലും തനിക്ക് വളരെ പെട്ടെന്ന് താത്പര്യം നഷ്ടമാകും. ക്യാമറയെ അഭിമുഖീകരിക്കുമ്പോള്‍ മാത്രമാണ് ഇതില്‍ മാറ്റമുണ്ടാകുന്നത്. മകള്‍ റാഹ ജനിച്ചതിന് ശേഷം വലിയ വ്യത്യാസമുണ്ട്. അവള്‍ക്കൊപ്പമിരിക്കുമ്പോള്‍ ഈ അവസ്ഥയെ അതിജീവിക്കാനായി സാധിക്കും. തനിക്ക് വലിയ സമാധാനമുണ്ടാകാറുണ്ടെന്നും ആലിയ പറഞ്ഞു. ഇതിന് മുമ്പ് നടന്‍ ഫഹദ് ഫാസിലും , ഷൈന്‍ ടോം ചാക്കോയും എഡിഎച്ച്ഡിയുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. തനിക്ക് 41-ാം വയസിലാണ് ഇത് കണ്ടെത്തിയതെന്നും ഫഹദ് പറഞ്ഞിരുന്നു.
നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെപിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം അഥവാ എഡിഎച്ച്ഡി. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരുന്ന ഇന്‍അറ്റന്‍ഷന്‍, ക്ഷമയില്ലാതെ എടുത്ത് ചാടി പ്രവര്‍ത്തിക്കുന്ന ഇംപള്‍സിവിറ്റി, അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന ഹൈപ്പര്‍ ആക്ടിവിറ്റി, എന്നിവയാണ് ഇതിന്റെ പ്രഥാനമായ ലക്ഷണങ്ങള്‍. ഇത് കൂടുതലായി കുട്ടികളിലാണ് കണ്ടുവരുക. അപൂര്‍വമായി മുതിര്‍ന്നവരിലും ഈ രോഗവസ്ഥ കാണാറുണ്ട്.
ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക,പെട്ടെന്ന് അസ്വസ്ഥനാകുക, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനോ കഴിയാതെ വരിക, വളരെ പെട്ടെന്നു ബോറടിക്കുക മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കാതിരിക്കുക, ഭവിഷ്യത്തെന്തെന്ന് ചിന്തിക്കാതെ എടുത്ത് ചാടുക, വിട്ടുവീഴ്ച മനോഭാവം ഇല്ലാതിരിക്കുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ബിഹേവിയര്‍ തെറാപ്പിയും മരുന്നുകളടങ്ങുന്നതാണ് ഈ രോഗത്തിന്റെ ചികിത്സ.