സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്യവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടിന് മികച്ച നടിക്കുള്ള 69-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഭര്‍ത്താവും നടനമായ രണ്‍ബീര്‍ കപൂറിനൊപ്പം വിവാഹ സാരിയുടുത്താണ് താരം എത്തിയത്.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവിനരികില്‍ അതീവ സന്തുഷ്ടയായി ഇരിക്കുന്ന ആലിയ ഭട്ടിനെ ചിത്രങ്ങളില്‍ കാണാം. രണ്‍ബീറും വളരെ സന്തോഷവാനായി കാണപ്പെട്ടു. ചടങ്ങിനെത്തിയ ഇരുവരും സെല്‍ഫികള്‍ പകര്‍ത്തുന്നുണ്ടായിരുന്നു.
അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം ഇരുവരും എടുത്ത സെല്‍ഫിയില്‍ ആലിയ രണ്‍ബീറിന്റെ നെറ്റിയില്‍ ചുംബിക്കുന്നത് കാണാമായിരുന്നു. ആലിയ അവാര്‍ഡ് വാങ്ങുന്ന ദൃശ്യങ്ങള്‍ രണ്‍ബീര്‍ സദസിലിരുന്ന് മൊബൈലില്‍ പകര്‍ത്തുന്ന നിമിഷങ്ങളും ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തു.
ഒരു ഫോട്ടോ ഒരു നിമിഷം ജീവിതത്തിനുള്ള ഓര്‍മ എന്ന കുറിച്ചുകൊണ്ടായിരുന്നു ആലിയ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ രണ്‍ബീര്‍ അമ്മ നീതു കപൂര്‍ അഭിമാനം എന്നു കുറിച്ചുകൊണ്ട് മരുമകള്‍ അവാര്‍ഡ് വാങ്ങുന്ന ചിത്രം പങ്കുവച്ചു. ആലിയ ഭട്ടിന്റെ അമ്മയും മകള്‍ക്ക് അഭിന്ദനം അറിയിച്ചിരുന്നു.