Oddly News

75,000 രൂപയുടെ പന്തയം ജയിച്ചു, പക്ഷേ, ഒറ്റയടിക്ക് 2 കുപ്പി മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം

ബാങ്കോക്ക്‌: വിസ്കി ചാലഞ്ചിന്റെ ഭാഗമായി രണ്ട്‌ കുപ്പി വിസ്‌കി കുടിച്ച തായ്‌ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്ക് ദാരുണാന്ത്യം. ഓണ്‍ലൈനില്‍ ‘ബാങ്ക്‌ ലെസ്‌റ്റര്‍’ എന്നറിയപ്പെടുന്ന താനാകാണ്‍ കാന്തി ആണ്‌ മരിച്ചത്‌. തായ്​വാനിലെ ഒരു പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം.

30,000 തായ്‌ ബാത്ത്‌ (75,228 രൂപ) ആയിരുന്നു പന്തയത്തുക. ഇതിനും മുമ്പും ഹാന്‍ഡ്‌ സാനിറ്റൈസറും വസാബിയും കുടിക്കുന്നതുള്‍പ്പെടെയുള്ള പന്തയങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ഇരുപത്തിയൊന്നുകാരന്‌ പക്ഷേ ഇക്കുറി കാര്യങ്ങള്‍ കൈവിട്ടുപോയി.

ഡിസംബര്‍ 25ന് തായ്​വാനിലെ താ മയ് എന്ന ജില്ലയിലെ ചന്തബുരി എന്ന സ്ഥലത്താണ് പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് വിസ്കി ചാലഞ്ച് സംഘടിപ്പിച്ചത്. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കാന്തി രാത്രി 11 മണിയോടെ എത്തി. ഒരു കുപ്പിക്ക്‌ 10,000 ബാത്ത്‌ ക്യാഷ്‌ ഓഫറുമായി 350 മില്ലി കുപ്പി റീജന്‍സി വിസ്‌കി കുടിക്കാനായിരുന്നു വെല്ലുവിളി. നേരത്തെ മദ്യപിച്ചിരുന്ന കാന്തി വെല്ലുവിളി ഏറ്റെടുത്ത്‌ 20 മിനിറ്റിനുള്ളില്‍ രണ്ട്‌ കുപ്പികള്‍ അകത്താക്കി. എന്നാല്‍ അമിതമായി മദ്യം ശരീരത്തിലെത്തിയതോടെ താനാകര്‍ കാന്തി ബോധരഹിതനായി വീണു

ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിക്കുകയായിരുന്നു. പന്തയത്തിന്‌ കാന്തിയെ പ്രേരിപ്പിച്ചതിന്‌ എക്കചാര്‍ട്ട്‌ എന്നയാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ആല്‍ക്കഹോള്‍ അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ചൂതാട്ട സൈറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ശേഖരിക്കുന്നതിനായി അധികൃതര്‍ ഇയാളുടെ വീട്ടില്‍ റെയ്‌ഡ് നടത്തിയപ്പോഴാണ്‌ അറസ്‌റ്റ് നടന്നത്‌.

എക്കചാര്‍ട്ട്‌ കുറ്റം സമ്മതിച്ചു. പാര്‍ട്ടി സംഘടിപ്പിച്ചത്‌ ഇയാളുടെ അമ്മ സുപ്രാണി ഫൂങ്കാസിയാണെന്നും പോലീസ്‌ പറഞ്ഞു. കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയാല്‍, എക്കചാര്‍ട്ടിന്‌ 10 വര്‍ഷം വരെ തടവും 20,000 ബാത്ത്‌ വരെ പിഴയും നേരിടേണ്ടിവരും. താനാകര്‍ കാന്തിയെ ചാലഞ്ചിന് ക്ഷണിച്ചവര്‍ക്കെതിരെയും വിസ്കി ചാലഞ്ച് നടത്തിയവര്‍ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *