തീര്‍ച്ചയായും സമീപകാലത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലാണ് ബ്രസീലിയന്‍ താരം നെയ്മര്‍ ഉള്‍പ്പെടുന്നത്. എന്നിരുന്നാലും തുടര്‍ച്ചയായി പരിക്കുണ്ടാകുന്നത് താരത്തിന്റെ കരിയറിന് ഭീഷണിയാകുകയാണ്. സൗദിലീഗില്‍ അല്‍ഹിലാലിന്റെ താരമായ നെയ്മര്‍ കഴിഞ്ഞ മത്സരത്തിലും പരിക്കേറ്റ് പുറത്തായതോടെ താരത്തെ കരാറില്‍ നിന്നും ഒഴിവാക്കാന്‍ നോക്കുകയാണ് ക്ലബ്ബ്.
മികച്ച താരമാണെങ്കിലും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതാണ് തിരിച്ചടിയാകുന്നത്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം നെയ്മര്‍ തിരിച്ചെത്തിയിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. ഈ സമയത്താണ് മറ്റൊരു ഹാംസ്ട്രീംഗ് പരിക്ക് താരത്തിന് വിനയായത്. തിങ്കളാഴ്ച, എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ കളത്തിലിറങ്ങിയ താരത്തിനെ 29 മിനിറ്റിനുള്ളില്‍ പരിക്കു മൂലം മാറ്റേണ്ടി വന്നു. പരിക്ക് മൂലം നാലാഴ്ച താരത്തിന് കളത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വരും.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഏകദേശം 90 മില്യണ്‍ യൂറോ (98 മില്യണ്‍ ഡോളര്‍) പ്രതിഫലത്തിന് പാരീസ് സെന്റ് ജെര്‍മെയ്നില്‍ നിന്ന് മാറിയതിനുശേഷം നെയ്മര്‍ അല്‍-ഹിലാലിനായി ഏഴ് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. താരത്തിന്റെ സ്ഥിരമായ ഫിറ്റ്നസ് പ്രശ്നങ്ങളില്‍ മടുത്ത അല്‍ ഹിലാല്‍, 2025 വരെ സൗദിയില്‍ തുടരുന്ന തന്റെ കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പകരം ഒരു സൂപ്പര്‍താരത്തെ കൊണ്ടുവരാന്‍ ആലോചിക്കുകയാണ് അല്‍ഹിലാല്‍.