വര്‍ഷങ്ങളായി സാമൂഹിക പ്രവര്‍ത്തനത്തിനും ഉദാരമായ സംഭാവനകള്‍ക്കും പേരുകേട്ടയാളാണ് നടന് അക്ഷയ്കുമാര്‍. മുംബൈയിലെ പ്രശസ്തമായ ഹാജി അലി ദര്‍ഗയുടെ നവീകരണത്തിന് 1.21 കോടി രൂപ സംഭാവന നല്‍കാനൊരുങ്ങുകയാണ് താരം. ഖിലാഡി നടനെ ‘യഥാര്‍ത്ഥ മുംബൈക്കാരന്’ എന്ന് വാഴ്ത്തിക്കൊണ്ട് ട്രസ്റ്റ് അദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദിയും അറിയിച്ചു.
ഹാജി അലി ദര്‍ഗയുടെ നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതറിഞ്ഞ ഇവിടുത്ത ഭക്തനായ അക്ഷയ് കുമാര്‍, വളരെ വേഗത്തില്‍ പ്രതികരിച്ചു. വ്യാഴാഴ്ച, 1,21,00,000 രൂപ ചെലവ് നവീകരണത്തിന് പ്രതീക്ഷിക്കുന്ന ഒരു ഭാഗത്തിന്റെ നിര്‍മാണത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. ഇതിന് നന്ദി പറഞ്ഞുള്ള ദര്‍ഗയുടെ അധികൃതരുടെ പോസ്റ്റിന്റെ അടിക്കുറിപ്പില്‍, അക്ഷയുടെ അന്തരിച്ച മാതാപിതാക്കളായ അരുണ ഭാട്ടിയയ്ക്കും ഹരി ഓം ഭാട്ടിയയ്ക്കും വേണ്ടി പ്രാര്‍ത്ഥിച്ചതായും പറഞ്ഞു.
ദര്‍ഗയില്‍ അക്ഷയ് അനുഗ്രഹം തേടുന്നതിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം പുണ്യസ്ഥലത്ത് പര്യടനം നടത്തുകയും അവിടെ ഉണ്ടായിരുന്ന ആളുകളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ജീന്‍സിനൊപ്പം നീല ഷര്‍ട്ടും ധരിച്ച് സാധാരണ വേഷത്തിലാണ് താരം എത്തിയത്.
ഈ ആഴ്ച ആദ്യം അദ്ദേഹം മുംബൈയിലെ ജുഹുവിലുള്ള തന്റെ വീടിന് പുറത്ത് സൗജന്യ ഭക്ഷണ വിതരണം സംഘടിപ്പിച്ചിരുന്നു. തന്റെ അടുത്ത ചിത്രമായ ഖേല്‍ ഖേല്‍ മേയുടെ റിലീസിനായി ഒരുങ്ങുകയാണ് താരം. ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.