Celebrity

അംബാനി വിവാഹം; ബോളിവുഡ് ഒന്നടങ്കം പങ്കെടുക്കുന്നു, അക്ഷയ് കുമാര്‍ മാത്രമില്ല

ആഡംബരങ്ങള്‍ വാരിക്കോരി ഒഴുക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹത്തില്‍ ബോളിവുഡിലെ മുന്‍നിരക്കാര്‍ ഒന്നടങ്കം എത്തുമ്പോള്‍ ബോളിവുഡിലെ ആക്ഷന്‍ഹീറോ അക്ഷയ്കുമാര്‍ വിട്ടുനില്‍ക്കുന്നു. ഇന്ത്യയിലെ കോടീശ്വരപുത്രന്‍ അനന്ത് അംബാനി കോടീശ്വരപുത്രി രാധിക മര്‍ച്ചന്റും തമ്മില്‍ നടക്കുന്ന സംഭവബഹുലമായ വിവാഹത്തിന് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച വ്യക്തിത്വങ്ങള്‍ വരെയെത്തിയിരിക്കെയാണ് ബോളിവുഡില്‍ നിന്നും ക്ഷണിക്കപ്പെട്ട അതിഥികളില്‍ അക്ഷയ്കുമാറിന്റെ മാത്രം സാന്നിദ്ധ്യം ഇല്ലാതാകുന്നത്.

വിവാഹവരന്‍ അനന്ത് അംബാനി നേരിട്ട് ക്ഷണിച്ച അക്ഷയ്കുമാര്‍ കല്യാണത്തിന് എത്താതിരിക്കുന്നതിന് കാരണം താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതിനാലാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘സര്‍ഫിറ’ ഇന്ന് തീയേറ്റര്‍ തേടിയെത്താനിരിക്കെ അതിന്റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലായിരുന്നു താരം. അതിനിടയിലാണ് താരത്തിന് കോവിഡ് ടെസ്റ്റ് നടത്തിയതും പോസിറ്റീവായതും.

വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരക്കേറിയ പ്രമോഷണല്‍ പരിപാടികളില്‍ നിന്ന് സൂപ്പര്‍സ്റ്റാര്‍ ഇടവേള എടുക്കുമെന്നായിരുന്നു ആരാധകരും കരുതിയത്. എന്നാല്‍ അക്ഷയ്ക്ക് കോവിഡ്-19 പോസിറ്റീവ് ആയതിനാല്‍ സര്‍ഫിറ പ്രമോഷന്റെ അവസാന ഘട്ടവും വിവാഹപരിപാടിയുമെല്ലാം താരത്തിന് നഷ്ടമാകും. സര്‍ഫിറയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടയിലാണ് താരത്തിന് സുഖമില്ലാതായത്. അതേസമയം പ്രൊമോഷന്‍ ടീമിലെ ചില അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവാകുകയും ചെയ്തിരുന്നു. ഈ വിവരം അറിഞ്ഞതോടെയാണ് താരവും പരിശോധന നടത്തിയത്.

വെള്ളിയാഴ്ച രാവിലെ ഇതിന്റെ റിസള്‍ട്ട് വന്നപ്പോള്‍ താരത്തിനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിനിമയുടെ പ്രമോഷന്റെ അവസാന ഘട്ടവും അനന്ത് അംബാനിയുടെ വിവാഹവും താരത്തിന് നഷ്ടമാകുകയും ചെയ്തു. നിരാശാജനകമായ കാര്യമാണെങ്കിലും ഉത്തരവാദിത്വബോധത്തോടെ നടന്‍ ഈ വിഷയത്തെ കാണുകയും സ്വയം ക്വാറന്റീനിലേക്ക് പോകുകയുമായിരുന്നു.