സൂറത്ത്: ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറിയടിക്കുന്ന താരമായി മേഘാലയയുടെ ആകാശ് കുമാര്‍ ചൗധരി.
അരുണാചല്‍ പ്രദേശിനെതിരായ രഞ്‌ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തില്‍ തുടരെ എട്ട് സിക്‌സറടിച്ചാണ് ആകാശ് 50 കടന്നത്.
ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരോവറില്‍ ആറ് സിക്‌സറടിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ്.
ഗാരി സോബേഴ്‌സും രവി ശാസ്‌ത്രിയുമാണു മുന്‍ഗാമികള്‍. മേഘാലയ ആറിന് 576 റണ്ണെന്ന നിലയില്‍ നില്‍ക്കേ എട്ടാമനായാണ് ആകാശ് ക്രീസിലെത്തിയത്. ഇന്നിങ്‌സിലെ 126-ാം ഓവറിലാണു വെടിക്കെട്ട് തുടങ്ങിയത്. ഇടംകൈയന്‍ സ്‌പിന്നര്‍ ലിമാര്‍ ദാബിയുടെ ആറ് പന്തുകളും സിക്‌സറടിക്കാന്‍ മേഘാലയ താരത്തിനായി. ഗാരി സോബേഴ്‌സും രവി ശാസ്‌ത്രിയുമാണ് ഒരോവറിലെ ആറ് പന്തുകളും സിക്‌സറടിച്ച മുന്‍ഗാമികള്‍. മൈക് പ്രോക്‌ടര്‍ രണ്ട് ഓവറുകളിലായി തുടരെ ആറ് സിക്‌സറുകളടിച്ചിരുന്നു. ആകാശ് ലിമാറിനെ തകര്‍ത്തതിനു പിന്നാലെ ഓഫ് സ്‌പിന്നര്‍ ടി.എന്‍.ആര്‍. മോഹിതിനെയും തുടരെ രണ്ട് സിക്‌സറടുകളടിച്ചു. അതോടെ 11 പന്തില്‍ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കാന്‍ താരത്തിനായി.
2012 ല്‍ ലീസ്‌റ്റര്‍ഷയറിന്റെ വെയ്‌ന്‍ വൈറ്റ് എക്‌സസിനെതിരേ 12 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച റെക്കോഡാണു പഴങ്കഥയായത്. സമയത്തിന്റെ അടിസ്‌ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 50 കടന്ന രണ്ടാമത്തെ താരവും ആകാശാണ്. ഒന്‍പത് മിനിറ്റ് കൊണ്ടാണു താരം 50 കടന്നത്. 1965 ല്‍ ലീസ്‌റ്റര്‍ഷയറിന്റെ ക്ലൈവ് ഇന്‍മാന്‍ നോട്ടിങാംഷയറിനെതിരേ 13 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ചത് എട്ട് മിനിറ്റ് കൊണ്ടായിരുന്നു. അരുണാചല്‍ പ്രദേശിനെതിരേ ആകാശ് 14 പന്തില്‍ 50 റണ്ണുമായി പുറത്താകാതെനിന്നു. താരം നേരിട്ട അവസാന മൂന്ന് പന്തുകളില്‍ റണ്‍ വീണില്ല. മേഘാലയ ആറിന് 628 റണ്ണെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തു.
അരുണാചല്‍ 73 റണ്ണിന് ഓള്‍ഔട്ടായിരുന്നു. പേസറായ ആകാശ് ഒരു വിക്കറ്റെടുത്തിരുന്നു. 25 വയസുകാരനായ ആകാശിന്റെ 31-ാം ഫസ്‌റ്റ് ക്ലാസ് മത്സരമാണിത്. 14.37 ശരാശരിയില്‍ 503 റണ്ണെടുത്ത ശേഷമാണു താരം അരുണാചലിനെ നേരിട്ടത്. ബിഹാറിനെതിരേ നടന്ന കഴിഞ്ഞ മത്സരത്തില്‍ 62 പന്തില്‍ 60 റണ്ണുമായി പുറത്താകാതെ നിന്നിരുന്നു. ഫസ്‌റ്റ് ക്ലാസില്‍ 87 വിക്കറ്റും ലിസ്‌റ്റ് എയില്‍ 37 വിക്കറ്റും ട്വന്റി20 യില്‍ 28 വിക്കറ്റുമെടുത്തു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഫോളോ ഓണ്‍ നേരിടുന്ന അരുണാചല്‍ പ്രദേശ് മൂന്നിന് 29 റണ്ണെന്ന നിലയിലാണ്. ബികി കുമാര്‍ (രണ്ട്), ലിച ജോണ്‍ (ഒന്ന്), അമിത് യാദവ് (0) എന്നിവര്‍ പുറത്തായി. മേഘാലയയ്‌ക്കായി ഒന്നാം ഇന്നിങ്‌സില്‍ ഓപ്പണര്‍ അര്‍പിത് ഭാടേശ്വര (207) ഇരട്ട സെഞ്ചുറിയും രാഹുല്‍ ദലാല്‍ (144) സെഞ്ചുറിയുമടിച്ചു.




