Celebrity

”ഇതായിരുന്നല്ലേ ആ സംഭവബഹുലമായ ക്രിക്കറ്റ് കളി” ; വിനീത് പറഞ്ഞ ക്രിക്കറ്റ് കളിയുടെ വീഡിയോയുമായി അജു വര്‍ഗീസ്

ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ വര്‍ഷങ്ങള്‍ക്ക് ശേഷം ‘. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, നിവിന്‍ പോളി, നീരജ് മാധവ്, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിങ്ങനെ നീണ്ട ഒരു താരനിര തന്നെയായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം വന്‍ വിജയം നേടിയിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ താരങ്ങളുടെയെല്ലാം സംഭവബഹുലമായ ക്രിക്കറ്റ് കളിയെ കുറിച്ച് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ സംസാരിച്ചിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ സെറ്റില്‍ നടന്ന ആ ക്രിക്കറ്റ് കളിയുടെ വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് അജു വര്‍ഗീസ്. വീഡിയോയില്‍ പ്രണവ് മോഹന്‍ലാലിനേയും, ധ്യാനിനേയും, കല്യാണിയേയും, ബേസിലിനേയും, അജുവിനേയും, നിര്‍മ്മാതാവായ വൈശാഖിനേയും, മറ്റു താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും കാണാം. എല്ലാവരും തകര്‍ത്ത് ക്രിക്കറ്റ് കളിയ്ക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. ധ്യാനിനേയും പ്രണവിനേയും വീഡിയോയില്‍ കഥാപാത്രത്തിന് വേണ്ടി മേക്ക്അപ് ഇട്ട് പ്രായമായ രൂപത്തിലാണ് കാണാന്‍ സാധിയ്ക്കുന്നത്. വിനീത് ശ്രീനിവാസന്‍ അഭിമുഖങ്ങളില്‍ പറഞ്ഞ ധ്യാനിന്റേയും ബേസിലിന്റേയും തര്‍ക്കങ്ങളും ബഹളങ്ങളുമൊക്കെ ഈ വീഡിയോയില്‍ കാണാം.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ഇതായിരുന്നല്ലേ ആ സംഭവബഹുലമായ ക്രിക്കറ്റ് കളി, കോസ്റ്റിയും ഇട്ടു കളിക്കാന്‍ കാണിച്ച ആ ധൈര്യം ഉണ്ടല്ലോ നമിച്ചു, ലെ ബേസില്‍ :- നിന്നെ ഞാന്‍ ഇന്ന് എറിഞ്ഞ് വീഴ്തുമെടാ പരനാറി എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍.