Movie News

24 വര്‍ഷത്തിന് ശേഷം അജിത്തും തബുവും ഒന്നിക്കുന്നു ; കണ്ടുകൊണ്ടേനു ശേഷം അധിക് രവിചന്ദ്രന്റെ സിനിമ

‘കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന സിനിമയിലെ അജിത്തിന്റെയും തബുവിന്റെയും ജോഡി ആരാധകരെ ഏറെ ആകര്‍ഷിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് ഇരുവരേയും ഒരിക്കല്‍ കൂടി കാണാനുള്ള ആരാധകരുടെ ആഗ്രഹം സഫലമായതുമില്ല. എന്നാല്‍ കാല്‍ നൂറ്റാണ്ടിന് ശേഷം വെറ്ററന്‍ താരങ്ങള്‍ നായികാനായകന്മാരായി അഭിനയിക്കുന്നു. ഇരുവരെയും പ്രധാന കഥാപാത്രമാക്കി അധിക് രവിചന്ദ്രന്‍ സിനിമയൊരുക്കുന്നു.

സിനിമാ ആരാധകര്‍ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിച്ച ജോഡി 24 വര്‍ഷത്തിന് ശേഷം അവര്‍ ഒരുമിച്ച് അഭിനയിക്കുന്നു. ‘എകെ 63’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. തബുവിന് പുറമെ എസ് ജെ സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ പ്രതിനായകനായി എത്തുന്നത്.

എന്നാല്‍, ‘എകെ 63’ലെ അഭിനേതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.’വിടാ മുയാര്‍ച്ചി’യുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം 2024 അവസാനത്തോടെ ചിത്രം ആരംഭിക്കുമെന്ന് പറയപ്പെടുന്നു. അജിത്ത് ഇപ്പോള്‍ അസര്‍ബൈജാനില്‍ ‘വിടാ മുയാര്‍ച്ചി’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തില്‍ അജിത്, അര്‍ജുന്‍ ദാസ്, തൃഷ, റെജീന കസാന്ദ്ര, അരുണ്‍ വിജയ്, അര്‍ജുന്‍ സര്‍ജ, ആരവ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഇതിന് തൊട്ടുമുമ്പ് വിശാലിനെ നായകനാക്കി ‘മാര്‍ക്ക് ആന്റണി’ എന്ന സിനിമയിലൂടെ സംവിധായകന്‍ അധിക് രവിചന്ദ്രന്‍ ഒരു ഹിറ്റ് ഒരുക്കിയിരുന്നു.