വീട്ടിലിരിക്കാന്‍ വയ്യാത്ത വിധം കടുത്തചൂടാണ്. പണ്ട് സമ്പന്നന്റെ വീട്ടിലെ ആഢംബരമായിരുന്ന എ.സി. ഇന്ന് സാധാരണക്കാരന്റെ വീട്ടിലും പതിവുകാഴ്ചയാണ്. സാമ്പത്തിക ലാഭം കണക്കിലെടുത്ത് എയര്‍ കൂളറുകളെ ആശ്രയിക്കുന്നവരും കുറവല്ല. ചൂടിനെ പ്രതിരോധിക്കാനായി ടവര്‍ ഫാനുകളും കൂളറുകളും എസികളും ഉപയോഗിക്കാം. ഒരോന്നിനും പ്രത്യേക ഗുണങ്ങളുണ്ട്, ചില പോരായ്മകളും. ഉപയോഗിക്കുന്നതിന് മുമ്പ് അത് കൃത്യമായി മനസ്സിലാക്കണം.
ചൂടുള്ള അന്തരീക്ഷ വായു വലിച്ചെടുത്ത് നനഞ്ഞ ഫില്‍ട്ടറുകളിലൂടെയും പാഡുകളിലൂടെയും കടത്തിവിട്ടാണ് എയര്‍ കൂളറുകള്‍ പ്രവര്‍ത്തിക്കുന്നത്. വെള്ളം ബാഷ്പീകരിക്കുന്നതിന് അനുസരിച്ച് വെള്ളം തണുക്കും. കൂളറുകള്‍ക്കുള്ളിലെ ഫാന്‍ വായു മുറിക്കുള്ളില്‍ വ്യാപിപ്പിക്കാനായി സഹായിക്കുകയും ചെയ്യും. ബജ്റ്റ് ഫ്രണ്ട്‌ലിയാണെന്നതാണ് ഇതിന്റെ മേന്മ.
വരണ്ട കാലവസ്ഥയിലാണ് എയര്‍ കൂളര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ ഈര്‍പ്പം ബാഷ്പീകരണ പ്രക്രിയ അധികം ഫലപ്രദമാക്കാനായി സഹായിക്കും എന്നതിനാലാണിത്. എയര്‍ കൂളറുകള്‍ കാര്‍ബണ്‍ ഫുട്ട് പ്രിന്റ് കുറയ്ക്കാനും സഹായിക്കും. പൊടിപടലങ്ങള്‍ വലിച്ചെടുത്ത് ശൂദ്ധീകരിക്കുന്നതിനുള്ള ഇന്‍ ബില്‍ഡ് ഫില്‍റ്ററുകളാണ് എയര്‍ കൂളറുകളിലുള്ളത്. എസിയുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുതി ഉപഭോഗം കുറവാണ്.
മുറിക്കുള്ളിലെ ചൂടുള്ള വായു വലിച്ചെടുത്ത് പുറന്തള്ളുകയും റഫ്രിജറന്റുകള്‍ ഉപയോഗിച്ച് തണുപ്പിക്കുന്ന വായു മുറിക്കുള്ളിലേക്ക് തിരികെ കടത്തിവിടുകയും ചെയ്താണ് എസികള്‍ പ്രവര്‍ത്തിക്കുന്നത്. വേഗത്തില്‍ മുറി തണുപ്പിക്കുന്നതില്‍ എസി തന്നെയാണ് നല്ലത്. ഈര്‍പ്പമുള്ള കാലാവസ്ഥയിലും വരണ്ട കാലാവസ്ഥയിലും ഒരേ പോലെ ഫലം ചെയ്യുന്നുവെന്നത് എസിയുടെ മേന്മയാണ്.
പ്രവര്‍ത്തന സമയത്ത് സ്ഥിരതയോടെ ഒരേതാപനിലയില്‍ എസി പ്രവര്‍ത്തിക്കും. മുറിയിലെ വായുവില്‍ തങ്ങി നില്‍ക്കുന്ന അധിക ഈര്‍പ്പം വലിച്ചെടുക്കും എന്നതും എസിയുടെ പ്രത്യേകതയാണ്. എസി പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാണെന്ന് പറയാനാവില്ല. സ്ഥാപിക്കുന്നതിനും മെയിന്റന്‍സിനുമായി അധിക തുക ചിലവാക്കേണ്ടിവരും. എസികളില്‍ വൈദ്യുതി ഉപഭോഗം താരതമ്യേന അധികമാണ്.
മുറി നന്നായി തണുപ്പിക്കാനായി ടവര്‍ ഫാനുകള്‍ക്ക് സാധിക്കും. വശങ്ങളിലെ വെന്റുകളിലൂടെ വായു വലിച്ചെടുത്ത് ഉള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ബ്ലേഡുകളിലൂടെയോ ഇംപെല്ലറുകളിലൂടെയും കടത്തിവിട്ട് മുന്‍ഭാഗത്തെ ഗ്രില്ലുകളിലൂടെ ശക്തിയുള്ള സ്ട്രീമുകളായി താരതമ്യേന തണുത്ത വായു പുറത്തേക്ക് നല്‍കുകയാണ് ഇവ ചെയ്യുന്നത്.
ഓസിലേഷന്‍ വായു കടത്തി വിടാനും ഇതിന് സാധിക്കും. അധികം പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തരത്തില്‍ എയര്‍ ഫില്‍ട്ടറുകള്‍ അയോണൈസറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ ടവര്‍ ഫാനുകള്‍ വിപണിയില്‍ ലഭ്യമാണ്. ടവര്‍ ഫാനുകള്‍ക്ക് വില കുറവാണ്. വൃത്തിയാക്കലും അറ്റകുറ്റപ്പണികളും അധികമായി വേണ്ടിവരികയും ഇല്ല. ചെറിയ മുറികള്‍ക്ക് നല്ല ഓപ്ഷനാണ് ടവര്‍ ഫാനുകള്‍. എന്നാൽ കൂളറുകളോ എസികളോ പോലെ മുറി തണുപ്പിക്കാൻ ഇവ പര്യാപ്തമല്ല എന്നതാണ് പോരായ്മ.