Movie News

ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ മലയാളസിനിമ വരുന്നു ; മമ്മൂട്ടി 30 വയസ്സുള്ള യുവാവാകും

കൊച്ചി: നടി രശ്മികാമന്ദനയുടെ സ്വിംസ്യൂട്ട് വീഡിയോ പുറത്തുവന്നതിന് ശേഷം ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സിനെക്കുറിച്ച് വലിയ ചര്‍ച്ചയാണ് ഇന്ത്യയില്‍ ഉടനീളം നടക്കുന്നത്. എഐയുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് വരെ ചര്‍ച്ചകള്‍ ഉയരുമ്പോള്‍ എഐയുടെ നൂതന സങ്കേതത്തില്‍ മലയാളത്തില്‍ നിന്നും ഒരു സിനിമ പിറക്കാനൊരുങ്ങുകയാണ്. എക്കാലവും യുവതയ്ക്കും ആധുനിക സാങ്കേതിക വിദ്യയ്ക്കും ഒപ്പം നില്‍ക്കുന്ന മമ്മൂട്ടിയാണ് സിനിമയില്‍ നായകനാകാന്‍ പോകുന്നത്.

മമ്മൂട്ടി മുപ്പതു വയസ്സുള്ള യുവാവായി അഭിനയിക്കുന്ന ഒരു സിനിമ പുതിയ ആശയമല്ലെങ്കിലും നടന്റെ ശാരീരിക സാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ചിത്രീകരിക്കുന്ന സിനിമയാണ്. മമ്മൂട്ടിയുടെ ശരീരസാന്നിദ്ധ്യമുള്ള നാല് ഷോട്ടുകള്‍ മാത്രമേ സിനിമയ്ക്ക് ആവശ്യമുളളൂ. മമ്മൂട്ടിയെ എഐ ഉപയോഗിച്ചാകും യുവാവായി സിനിമയില്‍ കാണിക്കുക. സിനിമയ്ക്ക് തന്റെ എഐ സൃഷ്ടിക്കുന്നതിന് തന്റെ ഇമേജ് ഉപയോഗിക്കുന്നതിന് മമ്മൂട്ടി അനുമതി നല്‍കിയതായി ചലച്ചിത്ര നിര്‍മ്മാതാവും ഫിലിം ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ഉണ്ണികൃഷ്ണന്‍ ബി പറഞ്ഞു.

‘മമ്മൂട്ടി ഒരു ചെറിയ വേഷം ചെയ്യുന്ന വരാനിരിക്കുന്ന ഒരു സിനിമയുടെ സാങ്കേതിക വിദഗ്ദ്ധര്‍ തന്റെ കഥാപാത്രത്തെ കെട്ടിപ്പടുക്കാന്‍ എഐ ഉപയോഗിക്കുന്നതിന് അംഗീകാരം നേടി. ഭാവിയില്‍ സിനിമകളില്‍ സാങ്കേതികവിദ്യ വഹിക്കുന്ന പ്രധാന പങ്ക് തിരിച്ചറിഞ്ഞാണ് താരം തന്റെ അനുമതി നല്‍കിയത്,” ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നടന്മാരും നിര്‍മ്മാതാവും സംവിധായകനും ആരൊക്കെയാണെന്നോ ബജറ്റോ റിലീസ് തിയതിയോ ഉള്‍പ്പെടെ സിനിമയെക്കുറിച്ചൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം സിനിമയില്‍ വെറും മൂന്നോ നാലോ മിനിറ്റ് മാത്രം ദൃശ്യമാകുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ക്ലോണ്‍ ചെയ്യാന്‍ എഐ ഉപയോഗിക്കുന്നത് വന്‍ ചര്‍ച്ചയായേക്കാം. ഹോളിവുഡില്‍ ഉപയോഗിച്ചു വരുന്ന ഈ സാങ്കേതിക സംവിധാനം ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉപയോഗിക്കുന്നത് ഇതാദ്യമായിരിക്കും. ഹോളിവുഡില്‍ താരങ്ങളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ സൃഷ്ടിക്കുന്നതിന് പ്രകടനം നടത്തുന്നവരുടെ സമ്മതം നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രകടനം നടത്തുന്നവര്‍ മരിച്ചാലും, അംഗീകൃത പ്രതിനിധിയില്‍ നിന്നോ ബന്ധപ്പെട്ട യൂണിയനില്‍ നിന്നോ സമ്മതം ആവശ്യമാണ്. ഏതൊരു മേഖലയെയും പോലെ സിനിമാ വ്യവസായത്തെയും എഐ അനുകൂലമായും പ്രതികൂലമായും സ്വാധീനിക്കുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.