Movie News

ഗോട്ടിന്റെ റിലീസിന് മുമ്പായി വിജയകാന്തിന്റെ അനുഗ്രഹം തേടി വിജയ് യും സംഘവും

ഗോട്ടിന്റെ റിലീസിന് മുമ്പായി പ്രമുഖ തമിഴ്‌നടന്‍ വിജയകാന്തിന്റെ അനുഗ്രഹം തേടി വീട്ടിലെത്തി നടന്‍ വിജയ്. നടന് പുറമേ ഗോട്ട് സംവിധായകന്‍ വെങ്കട്ട് പ്രഭു, നിര്‍മ്മാതാവ് അര്‍ച്ചന കല്‍പാത്തി എന്നിവരും അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ വിജയകാന്തിന്റെ വസതി ഓഗസ്റ്റ് 19 ന് സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സിനിമാ നിര്‍മ്മാതാവും നിര്‍മ്മാതാവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

സിനിമയില്‍ വിജയകാന്തിന്റെ അതിഥിവേഷം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. എഐ പതിപ്പിലൂടെയാണ് താരത്തെ അവതരിപ്പിക്കുന്നതെന്നാണ് അഭ്യൂഹം. വിജയകാന്തിന്റെ ഭാര്യയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ പ്രേമലതയോട് ഗോട്ട് സംഘം നേരത്തെ അനുമതി തേടിയിരുന്നു. വിജയകാന്തിന്റെ ഭാര്യയും ദേശിയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) ജനറല്‍ സെക്രട്ടറിയുമായ പ്രേമലതയും കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരം സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചു.

‘അല്പം മുമ്പ് നടന്‍ വിജയ് എന്നെ സാലിഗ്രാമത്തിലെ എന്റെ വസതിയില്‍ വച്ച് നേരിട്ട് കണ്ടു’ എന്നാണ് അവര്‍ പോസ്റ്റ് ചെയ്തത്. നേരത്തെ ഒരു മാധ്യമ സ്ഥാപനവുമായുള്ള ചാറ്റില്‍ അനുമതി തേടുന്ന ഗോട്ട് ടീമിനെ കുറിച്ച് പ്രേമലത പറഞ്ഞിരുന്നു. ‘വെങ്കട്ട് പ്രഭു ഞങ്ങളുടെ വീട്ടില്‍ അഞ്ചിലധികം തവണ വന്നു, എന്റെ മകന്‍ ഷണ്‍മുഖപാണ്ഡ്യനുമായി പലവട്ടം ചര്‍ച്ച നടത്തി. എന്നെ കാണണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാന്‍ ചെന്നൈയില്‍ പോയി, അവിടെവെച്ച് ഞങ്ങള്‍ കണ്ടുമുട്ടി. ”ഗോട്ടി ലെ ഒരു രംഗത്തില്‍ ക്യാപ്റ്റന്‍ വിജയകാന്തിനെ ജീവനോടെ തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായി വിജയ് പറഞ്ഞു. വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രശാന്ത്, പ്രഭുദേവ, അജ്മല്‍ അമീര്‍, മോഹന്‍, ജയറാം, സ്‌നേഹ, ലൈല, മീനാക്ഷി ചൗധരി, വൈഭവ്, യോഗി ബാബു, പ്രേംഗി അമരന്‍ തുടങ്ങി നിരവധി അഭിനേതാക്കളും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.