Featured Good News

പ്രായം വെറും 14, ഇപ്പോള്‍ പി എച്ച് ഡി ചെയ്യുന്നു; ലോറന്‍ സൈമണ്‍സ് സൂപ്പറാ!

14 വയസ്സുള്ള ഒരു കുട്ടി സാധാരണയായി ഏത് ക്ലാസിലായിരിക്കും. ഒന്നുകില്‍ ഒന്‍പതാം ക്ലാസില്‍, അല്ലെങ്കില്‍ പത്തില്‍. പക്ഷെ നമ്മുടെ കഥയിലെ നായകന്‍ ലോറന്‍ സൈമണ്‍സ് പതിനാലാം വയസ്സില്‍ പിഎച്ച് ഡി ചെയ്തുകൊണ്ടിരിക്കുകയാണ്.

രണ്ട് വര്‍ഷം മുന്‍പാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൈമണ്‍ പി എച്ച് ഡിയ്ക്ക് ചേര്‍ന്നത്. സൈമണ്‍സ് ബെല്‍ജിയത്തില്‍ നിന്നുള്ള ബാലനാണ്. തന്റെ പതിനാലാം വയസ്സില്‍ ഫിസിക്സില്‍ ബിരുദം നേടിയാണ് സൈമണ്‍സ് ലോകത്തിനെ ഞെട്ടിച്ചത്.

വെറും ഒരു വര്‍ഷം കൊണ്ടാണ് സൈമണ്‍സ് ഈ ബിരുദം സ്വന്തമാക്കിയത്. അതും ഡിസ്റ്റിങ്ഷനായ സമ്മ കം ലോഡെ നേടിയായിരുന്നു തകര്‍പ്പന്‍ ജയം. ഓസ്റ്റെന്‍ഡില്‍ നിന്നുള്ള ഈ ബാലന്‍ ബെല്‍ജിയത്തിലെ പ്രശസ്തമായ ആന്‍വെര്‍പ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം സ്വന്തമാക്കിയത്.

ക്വാണ്ടം ഫിസ്‌ക്സിനെ കുറിച്ച് വായിച്ചതാണ് കുട്ടിയില്‍ ജിജ്ഞാസ ഉണര്‍ത്തിയത്. പിന്നാലെ കൂടുതല്‍ അറിയണമെന്ന താല്‍പര്യമാണ് ബിരുദനേട്ടത്തിലേക്ക് നയിച്ചത്. പിന്നീട് ആന്‍വെപ്പ് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി. 1.5 വര്‍ഷമാത്രമെടുത്താണ് സൈമണ്‍സ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തീകരിച്ചത്. ഇടയ്ക്ക് നെതര്‍ലാന്‍ഡിലെ ഐന്തോവന്‍ സര്‍വകലാശാലയില്‍ നിന്നും ഇലക്​ട്രിക്കല്‍ എന്‍ജീനീയറിങ്ങില്‍ പഠനം തുടങ്ങിയെങ്കിലും പൂര്‍ത്തികരണത്തിന് കുറച്ച് നാള്‍ മുമ്പ് ഉപേക്ഷിച്ചു.

ഇന്‍സ്റ്റഗ്രാമിലും സൈമണ്‍സ് സജീവമാണ്. അനേകം ഫോളോവേഴ്സുമുണ്ട്. ഇതുവരെ സര്‍വകലാശാല ബിരുദമെടുത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ മൈക്കള്‍ കേണിയാണ്. നരവംശശാസ്ത്രത്തില്‍ വെറും 10 വയസ്സിലായിരുന്നു ബിരുദം നേടിയത്.