ചില സിനിമാ താരങ്ങളെ കാണുമ്പോള്‍ പലപ്പോഴും പ്രായം റിവേഴ്സ് ഗിയറിലാണോയെന്ന് സംശയം തോന്നാറുണ്ട്. ഉദാഹരണത്തിന് വേറെങ്ങും പോകേണ്ടതില്ലല്ലോ? നമ്മുടെ മഹാനടന് മമ്മൂട്ടിയുണ്ടല്ലോ. ഈ കാര്യത്തില്‍ ഹിന്ദി സിനിമാ താരങ്ങളും അത്ര മോശമല്ല. സുനില്‍ ഷെട്ടിക്ക് 63 വയസ്സായി എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ? താരത്തിനെ കണ്ടാല്‍ ഒരോ ദിവസവും പ്രായം കുറയുകയാണോയെന്ന് സംശയിച്ച് പോകും. എന്നാല്‍ തന്റെ യുവത്വത്തിന്റെ രഹസ്യം അടുത്തിടെ താരം തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
80 ശതമാനം ഭക്ഷണ ക്രമവും 10 ശതമാനം പരിശീലനവും 10 ശതമാനം തന്റെ ശീലങ്ങളുമാണ് ഇതിന് കാരണമെന്നായിരുന്നു സുനില്‍ പറഞ്ഞത്. രാവിലെ 5 അല്ലെങ്കില്‍ 6 മണിയാകുമ്പോള്‍ എഴുന്നേല്ക്കും. തുടര്‍ന്ന് വര്‍ക്ക്ഔട്ട് ചെയ്യും. രാത്രി 9 നും 10 നുമിടയില്‍ കിടന്നുറങ്ങും. ഷൂട്ടിങ്ങ്മൂലം ഉറക്കം പോയാല്‍ ആ ആഴ്ച്ച തന്നെ ഉറങ്ങി പരിഹരിക്കും.
വീട്ടിലുണ്ടാക്കുന്ന ലളിതമായ ഭക്ഷണക്രമമാണ് തനിക്ക് താല്പര്യമെന്നും അദ്ദേഹം പറയുന്നു. ഉപ്പ്, പഞ്ചസാര, വൈറ്റ് റൈസ് എന്നിവ തന്റെ ഭക്ഷണ ക്രമത്തില്‍ നിന്നും ഒഴിവാക്കിയതായി അദ്ദേഹം പറയുന്നു. കൂടാതെ തനിക്ക് എത്രത്തോളം പോഷകങ്ങള്‍ ആവശ്യമുണ്ടെന്ന് രക്തപരിശോധനയിലൂടെ കണ്ടെത്തി സപ്ലിമെന്റുകള്‍ എടുക്കുമെന്നും താരം പറഞ്ഞു.