ഇന്ത്യയുടെ ലോകകപ്പ് ടീമിലോ അതുകഴിഞ്ഞ് വന്ന ഓസ്ട്രേലിയയ്ക്ക് എതിരേയുള്ള ടി20 പരമ്പരയിലോ ടീമില്‍ ഇടം കിട്ടാതിരുന്നതിന്റെ കലിപ്പ് ഇന്ത്യന്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹല്‍ വിജയ് ഹസാരേ ട്രോഫിയില്‍ തീര്‍ത്തു. ആഭ്യന്തര ക്രിക്കറ്റിലെ ടൂര്‍ണമെന്റില്‍ ഈ ലെഗ്സ്പിന്നാര് ആറു വിക്കറ്റ് വീഴ്ത്തി.
വ്യാഴാഴ്ച ഉത്തരാഖണ്ഡിനെതിരായ വിജയ് ഹസാരെ ട്രോഫി 2023-24 ഉദ്ഘാടന മത്സരത്തില്‍ വ്യാഴാഴ്ച 10 ഓവറില്‍ 26 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ജീവന്‍ജ്യോത് സിങ് (26), ദിക്ഷാന്‍ഷു നേഗി (14), സ്വപ്നില്‍ സിങ് (6), ആദിത്യ താരെ (65), അഖില്‍ റാവത്ത് (22), മായങ്ക് മിശ്ര (0) എന്നിവരാണ് പുറത്തായത്. ലിസ്റ്റ് എ യില്‍ 200 വിക്കറ്റ് തികയ്ക്കാനും ചാഹലിന് സാധിച്ചു.
ആഭ്യന്തര മത്സരത്തില്‍ 130 മത്സരങ്ങളില്‍ നിന്ന് 202 വിക്കറ്റുകള്‍ താരത്തിന് നേടാനായി. ഓസ്ട്രേലിയയ്ക്ക് എതിരേ ഇന്ത്യയുടെ ടി 20 പരമ്പരയില്‍ യുസ്വേന്ദ്ര ചാഹലിനെ സെലക്ടര്‍മാര്‍ അവഗണിച്ചതിന് തൊട്ടുപിന്നാലെയാണ് ചഹലിന്റെ ഈ മികച്ച പ്രകടനം. ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റ ലോകകപ്പില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ അത്തരം അവഹേളനങ്ങള്‍ തനിക്ക് ശീലമാണെന്നാണ് താരം പറഞ്ഞത്.
അതേസമയം ലോകകപ്പ് ടീമിലും ഓസ്ട്രേലിയന്‍ ടീമിലും സ്ഥാനം നേടാനാകാതെ പോയ മലയാളിതാരം സഞ്ജു സാംസണും മത്സരമുണ്ടായിരുന്നു. കേരളം സൗരാഷ്ട്രയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചെങ്കിലും നായകന് സഞ്ജു സാംസണ് 30 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 47 പന്തുകളില്‍ ആറു ബൗണ്ടറികളാണ് താരം നേടിയത്. അബ്ദുള്‍ ബാസിതായിരുന്നു കേരളത്തിന്റെ ടോപ് സ്കോറര്‍. 60 റണ്‍സാണ് നേടിയത്.