Movie News

മടിയില്‍ പിടിച്ചിരുത്തി, ബലമായി കവിളില്‍ ഉമ്മ വച്ചു; സംവിധായകനെതിരെ നടി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് കേരളത്തിലെ സിനിമാരംഗം ഓരോദിവസവും പുലരുന്നത് പുതിയ വെളിപ്പെടുത്തലുകളുമായാണ്.
ഇതിനെതുടര്‍ന്ന് അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലുമുണ്ടായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഇപ്പോഴിതാ ബംഗാളില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. സിനിമയില്‍ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് ബംഗാള്‍ നടിയാണ് തുറന്ന് പറയുന്നത്. പ്രശസ്ത ബംഗാളി സംവിധായകനായ അരിന്ദം സില്‍ സിനിമഷൂട്ടിങിനിടയില്‍ തന്നെ ബലമായി പിടിച്ച് അയാളുടെ മടിയില്‍ ഇരുത്തിയെന്നും അനുവാദം കൂടാതെ തന്നെ ചുംബിച്ചുവെന്നുമാണ് നടിയുടെ പരാതി.

തന്നെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ അരിന്ദം സില്‍ കഴിഞ്ഞദിവസങ്ങളില്‍ കൊല്‍ക്കത്തയില്‍ നടന്ന സ്ത്രീകളുടെ തെരുവ് കീഴടക്കല്‍ പ്രതിഷേധത്തില്‍ പങ്കെടുതോടെയാണ് സംവിധായകന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി നടിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

‘ഏക്തി ഖുനിര്‍ സന്ദാനെ മിതിന്‍’ എന്ന സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് നടി പറയുന്നതിങ്ങനെ..

‘ആദ്യം അദ്ദേഹമെന്നോട് മടിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഉടനടി നിരസിച്ചു. അതോടെ ഇരുന്നേ പറ്റൂവെന്ന് ആജ്ഞാപിച്ചു. എല്ലാവരും നോക്കി നില്‍ക്കെ എനിക്ക് അതനുസരിക്കാതെ നിര്‍വാഹമില്ലായിരുന്നു. ഇരുന്നതിന് പിന്നാലെ അയാള്‍ എന്നെ ബലമായി കവിളില്‍ ഉമ്മ വച്ചു. ഞാന്‍ നടുങ്ങിപ്പോയി. എന്താണ് ചെയ്യേണ്ടതെന്ന് മനസിലായില്ല, ഞാന്‍ ഉടന്‍ തന്നെ എഴുന്നേറ്റ് മാറി. അദ്ദേഹമാവട്ടെ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ നിഷ്കളങ്കനായി ജോലി തുടര്‍ന്നു. ആളുകള്‍ ഒരു തമാശയെന്നോണം ഇത് കണ്ട് ചിരിച്ച് നില്‍ക്കുകയായിരുന്നു. ‍ഇത് ശരിയല്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ‘നിനക്കത് ഇഷ്ടമായില്ലേ?’ എന്നായിരുന്നു മറുചോദ്യം.

വനിതാ കമ്മിഷനില്‍ നടി ആദ്യം പരാതി നല്‍കി. തുടര്‍ന്ന് സംവിധായകരുടെ സംഘടനയില്‍ നിന്ന് അരിന്ദത്തെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ആ പെരുമാറ്റം ബോധപൂര്‍വമല്ലെന്നും പെട്ടെന്ന് സംഭവിച്ച് പോയതാണെന്നുമായിരുന്നു സംവിധായകന്‍ അരിന്ദം സിലിന്‍റെ വിശദീകരണം.