Oddly News

16 ഭാര്യമാരില്‍ 104 കുട്ടികളും 144 പേരക്കുട്ടികളും; പുരുഷനെ പങ്കിടാനുള്ള കാരണം കപിംഗയുടെ ഭാര്യമാര്‍ പറയുന്നു

അയാളുടെ പുരയിടം തന്നെ ഒരു ചെറിയ ഗ്രാമമാണ്. ഓരോ ഭാര്യമാര്‍ക്കും ഒരു വീട് എന്ന കണക്കില്‍ 16 വീടുകളുണ്ട്. എല്ലായിടത്തും പ്രായമായവരുടേയും കുട്ടികളുടേയും കൂട്ടയിടിയാണ്. ടാന്‍സാനിയയിലെ എന്‍ജോംബെയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ഈ ആഫ്രിക്കക്കാരന് നിലവില്‍ 16 ഭാര്യമാരും 104 കുട്ടികളും 144 പേരക്കുട്ടികളുമുണ്ട്.

ചെറിയ ഒരു കുടുംബത്തിനുപോലും ഭക്ഷണവും താമസവുമടക്കമുള്ള ജീവിതച്ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന കാലത്താണ് തന്റെ വമ്പന്‍ കുടുംബത്തെ പോറ്റിക്കൊണ്ട് കപിംഗ നില്‍ക്കുന്നത്. അഫ്രിമാക്സിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍, പിതാവിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ കുടുംബം വികസിപ്പിക്കാന്‍ തുടങ്ങിയതെന്ന് ഏണസ്റ്റോ കപിംഗ പറഞ്ഞു.

1961-ല്‍ അദ്ദേഹം തന്റെ ആദ്യ ഭാര്യയെ വിവാഹം കഴിച്ചു, ഒരു വര്‍ഷത്തിനുശേഷം ആദ്യത്തെ കുട്ടി ജനിച്ചു, പക്ഷേ ഒരു ഭാര്യ മതിയാകില്ലെന്ന് അച്ഛന്‍ അവനോട് പറഞ്ഞു. കുലം വികസിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു കൂടുതല്‍ വിവാഹം കഴിച്ചത്.

തന്റെ ബഹുഭാര്യത്വ ജീവിതത്തില്‍ ഏണസ്റ്റോയ്ക്ക് 20 ഭാര്യമാരുണ്ടായിരുന്നു. ചിലര്‍ അയാളെ ഉപേക്ഷിച്ചു പോയപ്പോള്‍ ചിലര്‍ മരണപ്പെട്ടു , എന്നാല്‍ ഇന്നും 16 ഭാര്യമാരോടൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്, ഭാര്യമാരില്‍ ഏഴ് പേര്‍ സഹോദരിമാരാണ്. എന്തുകൊണ്ടാണ് ഈ സ്ത്രീകളില്‍ ഓരോരുത്തരും തന്റെ പുരുഷനെ മറ്റ് സ്ത്രീകളുമായി കിടക്ക പങ്കിടാന്‍ സമ്മതിക്കുന്നതെന്ന ചോദ്യത്തിന് കപിംഗയുടെ ഭാര്യമാര്‍ പറയുന്നത് ഇതുപോലെ മാന്യനും മര്യാദക്കാരനുമായുള്ള ഒരാളെ വേറെ കിട്ടില്ലെന്നാണ്.

ഭാര്യമാരില്‍ ഒരാള്‍ തന്റെ സഹോദരിയോട് ഭര്‍ത്താവിനെ കുറിച്ചും അവനോടൊപ്പമുള്ള നല്ല ജീവിതത്തെ കുറിച്ചും പറഞ്ഞപ്പോള്‍ അവര്‍ക്കും അതൊക്കെ അനുഭവിക്കണമെന്ന ആഗ്രഹമുണ്ടായി. അവസാനം, അവരുടെ ഏഴ് സഹോദരിമാരും കപിംഗയെ വിവാഹം കഴിച്ചു. അവര്‍ ഇപ്പോള്‍ ഐക്യത്തോടെ ജീവിക്കുന്നു, തങ്ങള്‍ക്കിടയില്‍ ഒരു അസൂയയും ഇല്ലെന്നും പറയുന്നു. രസകരമെന്നു പറയട്ടെ, തന്റെ എല്ലാ കുട്ടികളുടെയും പേരക്കുട്ടികളുടെയും പേരുകള്‍ പോലും കപിംഗയ്ക്ക് അറിയില്ല.

അവരുടെ 50 ഓളം പേരുകള്‍ അയാള്‍ക്ക് ഓര്‍മ്മയുണ്ട്. അവരുടെ മുഖം കാണുമ്പോള്‍ ബാക്കിയുള്ളവരുടേയും പേരുകള്‍ ഓര്‍മവരും. കപിംഗയുടെ ഭീമാകാരമായ കുടുംബം ഇതിലും വലുതായിരുന്നേനെ, പക്ഷേ അസുഖങ്ങളും അപകടങ്ങളും കാരണം അദ്ദേഹത്തിന് 40 കുട്ടികളെ നഷ്ടപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *