Oddly News

നദി നീന്തിക്കടക്കുന്ന നൂറോളം ആനകളുടെ ആകാശക്കാഴ്ച; ഹൃദ്യമായ കാഴ്ച്ച; വീഡിയോ വൈറല്‍

സമൂഹ മാധ്യമങ്ങളില്‍ പല കൗതുകകരമായ കാഴ്ച്ചകളും നമ്മള്‍ കാണാറുണ്ട്. അത്തരത്തില്‍ ഇപ്പോളിതാ ഒന്നും രണ്ടുമല്ല നൂറോളം ആനകള്‍ നദി നീന്തിക്കടക്കുന്ന കാഴ്ച്ച കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.അസമിലെ ജോര്‍ഹട്ടില്‍ നിന്ന് ബ്രഹ്‌മപുത്ര നദി നീന്തിക്കടക്കുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ആനക്കൂട്ടത്തിന്റെ മനോഹരമായ ആകാശദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഫോട്ടോഗ്രാഫറായ സച്ചിന്‍ ഭറളിയാണ്.

ആനകള്‍ അസാധ്യ നീന്തല്‍ക്കാരാണെന്ന കുറിപ്പോടെയാണ് മുതിര്‍ന്ന ഐ എഫ് എസ് ഉദ്യോഗസ്ഥയായ സുധ രാമന്‍ , ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കിട്ടത്. ഐ എഫ് എസ് ഓഫിസറായ സുശാന്ത നന്ദയും സുധയുടെ ഈ പോസ്റ്റ് റിട്വിറ്റ് ചെയ്തു. കൂടാതെ ആനക്കൂട്ടത്തിന്റെ ശക്തിയെ കുറിച്ചും കുട്ടിയാനകള്‍ക്ക് മുതിര്‍ന്നവര്‍ ജീവിതപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതിനെക്കുറിച്ചും കുറിച്ചിട്ടുണ്ട്.

ആറ് മാസം മുതല്‍ നാല് വയസു വരെയാണ് കുട്ടിയാനകളെ മുതിര്‍ന്ന ആനകള്‍ പരിപാലിക്കുക. എന്നാല്‍ ആനക്കൂട്ടത്തിനൊപ്പം അവ പിന്നീടും തുടരുകയാണെങ്കില്‍ അമ്മയാനയും മറ്റ് പിടിയാനകളും പരിപാലിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മുതിര്‍ന്ന ശേഷം ആണാനകള്‍ കൂട്ടംപിരിഞ്ഞ് തനിച്ച് ജീവിതം തുടങ്ങുകയോ മറ്റ് കൊമ്പന്‍മാര്‍ക്കൊപ്പം സഞ്ചാരം തുടങ്ങുകയോ ചെയ്യും.