Good News

ആറു മാസം പ്രായമുള്ളപ്പോള്‍ വളർത്തമ്മ ദത്തെടുത്തു; ഇന്ന് അനാഥര്‍ക്ക് കൈതാങ്ങായി 16-കാരൻ         

പല തരത്തിലുള്ള മെറ്റീരിയലുകളില്‍ അനായാസമായി തുന്നല്‍പണികള്‍ ചെയ്യുന്ന നിരവധി ആളുകളെ നമുക്ക് പരിചിതമായിരിക്കും. ചിലര്‍ ഇത് ചെയ്യുന്നത് ഹോബിയായിട്ടാണെങ്കില്‍ മറ്റ് ചിലര്‍ ഇത് ചെയ്യുന്നത് വരുമാന മാര്‍ഗം കണ്ടെത്തുന്നതിനായാണ്. എന്നാല്‍ 15 കാരനായ ജോനാ ലാര്‍സണ് ഈ കൈത്തുന്നല്‍ അഥവ ക്രോച്ചിങ് വെറും വരുമാന മാര്‍ഗം മാത്രമല്ല പകരം അനാഥരായ നിരവധി കുട്ടികള്‍ക്ക് കൈതാങ്ങാകുന്നതിനുള്ള ഒരു മാര്‍ഗമാണ്.

തെക്കുകിഴക്കന്‍ എത്യോപ്യയിലെ ഡ്യൂറമേ എന്ന കൊച്ചുഗ്രാമത്തിലായിരുന്നു ജോനയുടെ ജനനം. തനിക്ക് ആറ് മാസം പ്രായമുള്ളപ്പോഴാണ് അവനെ വളര്‍ത്തമ്മ ദത്തെടുക്കുന്നത്. അവന് തുന്നലിനോടുള്ള താത്പര്യം ആദ്യം മനസ്സിലാക്കുന്നതും അവന്റെ വളര്‍ത്തമ്മയാണ്. ഇതോടെ അവര്‍ അവനെ ക്രോച്ചെറ്റിന്റെ ലോകം പരിചയപ്പെടുത്തുകയായിരുന്നു. അവനെ വളര്‍ത്തമ്മ കൈത്തുന്നല്‍ പഠിപ്പിക്കുകയും അവന് ആവശ്യമായ നൂലുകളും തുന്നല്‍സൂചികളും സമ്മാനിക്കുകയും ചെയ്തു. യൂട്യൂബിലെ ട്യൂട്ടോറിയല്‍ ക്ലാസുകളിലൂടെയും അവന്‍ അറിവ് നേടി. അവന്‍ വെറും ഒരു മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ച അവന്റെ ആദ്യത്തെ നിര്‍മിതി തന്നെ ഏവരെയും അത്ഭുതപ്പെടുത്തി.തന്റെ നിര്‍മിതികള്‍ സോഷ്യല്‍ മീഡിയയില്‍ ജോന പങ്കുവയ്ക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഉല്‍പന്നത്തിന് ആവശ്യക്കാരും എത്തി. ഇപ്പോള്‍ ഈ കൗമാരക്കാരന്‍ തന്റെ നിര്‍മ്മിതികള്‍ വില്‍പ്പന നടത്തി തുക സമ്പാദിക്കുന്നുണ്ട്.

ആ പണം ജോനായുടെ ജന്‍മനാട്ടിലെ നിരാലംബരായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റൂട്ട്‌സ് എത്യോപ്യ എന്ന സന്നദ്ധ സംഘടനയ്ക്ക് സംഭാവനയായി നല്‍കുന്നു. ദത്തെടുക്കുന്നതിന് മുമ്പ് ജോനയെ വളര്‍ത്തിയിരുന്ന അനാഥാലയത്തെ റൂട്ട്‌സ് എത്യോപ്യ സഹായിച്ചിരുന്നു. ജോന നല്‍കിയ പണം അവന്റെ മുന്‍ അനാഥാലയത്തിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചുവെന്നാണ് റൂട്ട്‌സ് എത്യോപ്യ അഭിപ്രായപ്പെടുന്നത്.അടുത്തിടെ ഒരു ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ കൊച്ചുമിടുക്കന്റെ കഥ ലോകം അറിയുന്നത്.