Crime

നടിയെ ആക്രമിച്ച കേസ്: വിധി ഡിസംബർ 8ന് , ദിലീപ് എട്ടാം പ്രതി- കേസിന്റെ നാള്‍വഴികള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന്. അന്ന് എല്ലാ പ്രതികളും ഹാജരാകണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമ വാദം നടന്നത്. കഴിഞ്ഞ ഏപ്രിലില്‍ പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം 27 തവണയാണ് വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്.

2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. താരസംഘടനയായ ‘അമ്മ’യിൽ വലിയ ഭിന്നതകൾക്ക് കാരണമാവുകയും, സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി നൽകാൻ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.

വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിത പരാതി നൽകിയതും, കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി തള്ളിയതും, നിർണായക തെളിവുകൾ ചോർന്നെന്ന ആരോപണവും കേസിന്‍റെ നാടകീയത വർധിപ്പിച്ച സംഭവങ്ങളാണ്

നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ ആകെ 9 പ്രതികളുണ്ട്. പള്‍സര്‍ സുനി ഒന്നാംപ്രതിയും നടന്‍ ദിലീപ് എട്ടാംപ്രതിയുമാണ്. അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതിചേര്‍ത്തത്. കഴിഞ്ഞ വര്‍ഷം വിചാരണ നടപടികള്‍ പൂര്‍ത്തിയായി എങ്കിലും അന്തിമ നടപടിക്രമങ്ങള്‍ ഒരുവര്‍ഷത്തിലധികം നീണ്ടു. കേസിന് ആസ്പദമായ സംഭവം 2017 ഫെബ്രുവരി 17നാണ്. വിധി പറയുന്നത് എട്ട് വർഷത്തിനുശേഷവും.

ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10ന് അറസ്റ്റ് ചെയ്തു. പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കേസിന്റെ നാള്‍വഴികള്‍

2017 ഫെബ്രുവരി 17- നടി ആക്രമിക്കപ്പെടുന്നു

2017 ഏപ്രിൽ 18 – കേസിൽ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നു

2017 ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായി

2017 ഒക്ടോബർ മൂന്നുവരെ ദിലീപ് ജയിലില്‍;തുടര്‍ന്ന് ജാമ്യം

2018 മാർച്ച് 8- കേസിലെ വിചാരണ നടപടികൾക്ക് തുടക്കം

വിചാരണയ്ക്ക് പ്രത്യേക കോടതി. എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജിയായ ഹണി.എം.വർഗീസ് വിചാരണ കോടതി ജഡ്ജി

2020 ജനുവരി 6 – പൾസർ സുനി, നടൻ ദിലീപ്, മാർട്ടിൻ ആന്റണി, പ്രദീപ്, സനൽകുമാർ, മണികണ്ഠൻ, വിജീഷ്, സലീം, ചാർലി തോമസ്, വിഷ്ണു എന്നീ പ്രതികൾക്കെതിരെ കുറ്റം ചുമത്തി

2020 ജനുവരി 30 – സാക്ഷിവിസ്താരം ആരംഭിച്ചു. വിചാരണ അടച്ചിട്ട കോടതി മുറിയിൽ

വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ; ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളി

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസിൽ തുടരന്വേഷണം, വിചാരണയ്ക്ക് ഇടവേള

തുടരന്വേഷണം പൂർത്തിയാക്കി അന്വേഷണസംഘം വിചാരണ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു

അന്വേഷണ റിപ്പോർട്ട് തള്ളണമെന്ന് ദിലീപ്, ദിലീപിൻ്റെ ആവശ്യം വിചാരണ കോടതി തള്ളി

കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെയും പ്രതിചേർക്കുന്നു

2022 നവംബർ – വിചാരണ പുനരാരംഭിച്ചു.

2024 ഡിസംബർ 11- കേസിൽ അന്തിമവാദം ആരംഭിച്ചു

2025 ഏപ്രിൽ 11 – നടിയെ ആക്രമിച്ച കേസിൽ വാദം പൂർത്തിയായി