Movie News

”മാര്‍ക്ക് ആന്റണി”യ്ക്കും ”ബാഷ”യിലെ രഘുവരനും തമ്മില്‍ ഒരു ബന്ധമുണ്ടെന്ന് നടന്‍ വിശാല്‍

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിലുള്ള ചിത്രമാണ് മാര്‍ക്ക് ആന്റണി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിശാലിനൊപ്പം എസ് ജെ സൂര്യയും ഒന്നിക്കുന്നു. ടൈം ട്രാവല്‍ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഇത്. ചിത്രത്തിന്റെ പേര് വന്ന വഴിയെ കുറിച്ചുള്ള കൗതുകകരമായ കാര്യം തുറന്നു പറഞ്ഞിരിയ്ക്കുകയാണ് വിശാല്‍.

ബാഷയിലെ രഘുവരന്റെ കഥാപാത്രമായ മാര്‍ക്ക് ആന്റണിയെന്ന പേരാണ് തന്റെ സിനിമയ്ക്കായി കടമെടുത്തതെന്നാണ് വിശാല്‍ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുതിയ ചിത്രം ”മാര്‍ക്ക് ആന്റണി”യുടെ പേരിന് പിന്നിലെ കഥയെ കുറിച്ച് പറഞ്ഞത്. ചരിത്രത്തിലെ മാര്‍ക്ക് ആന്റണിയല്ല ഇതെന്നും വിശാല്‍ വ്യക്തമാക്കി. ഒരു സയറ്റിഫിക് ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ഇതെന്നും വിശാല്‍ പറഞ്ഞു. ചിത്രത്തിന്റെ വസ്ത്രധാരണരീതിയും ബാക്ക്ഗ്രൗണ്ടുമെല്ലാം 75 കാലഘട്ടത്തിലെ പോലെ തന്നെ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിലെ തന്നെ ഒരിക്കലും മറക്കാനാവാത്ത ഒരു ചിത്രമാണിതെന്നാണ് മാര്‍ക്ക് ആന്റണിയെ വിശാല്‍ വിശേഷിപ്പിയ്ക്കുന്നത്.

സംവിധായകന്‍ ആദിക് രവിചന്ദ്രനൊപ്പമുള്ള വിശാലിന്റെ ആദ്യ ചിത്രമാണിത്. റിതു വര്‍മ്മ, സുനില്‍, സെല്‍വരാഘവന്‍, അഭിനയ, കിംഗ്സ്ലി, വൈ ജി മഹേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മിനി സ്റ്റുഡിയോയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കേരളത്തില്‍ ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.