Movie News

കാവേരി നദീജല പ്രശ്‌നം ; നടന്‍ സിദ്ധാര്‍ത്ഥിന്റെ വാര്‍ത്താസമ്മേളനം പ്രതിഷേധക്കാര്‍ അലങ്കോലമാക്കി

ബംഗലുരു: കാവേരി നദീജലവുമായി ബന്ധപ്പെട്ട കന്നഡ അനുകൂല പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥിന്റെ വാര്‍ത്താസമ്മേളനം അലങ്കോലപ്പെട്ടു. തന്റെ ഏറ്റവും പുതിയ ചിത്രമായ ചിത്തയുടെ പ്രചരണാര്‍ത്ഥം തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് ബെംഗളൂരുവില്‍ വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനം അവസാനിപ്പിക്കാന്‍ നടന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു കൂട്ടം കന്നഡ അനുകൂല പ്രവര്‍ത്തകര്‍ ഇടിച്ചു കയറുകയായിരുന്നു. കാവേരി നദീജല തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള നടന്‍ തന്റെ സിനിമയെ പ്രമോട്ട് ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാണ് ഇവര്‍ വാര്‍ത്താസമ്മേളനം ഉഴപ്പിയത്. കര്‍ണാടകയും തമിഴ്നാടും തമ്മില്‍ നദീജല തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സെപ്റ്റംബര്‍ 26 ന് ബെംഗളൂരില്‍ ബന്ദ് നടത്തിയിരുന്നു. ഇതിന് പിന്നാലെ നാളെ കര്‍ണാടകത്തില്‍ ഉടനീളം മറ്റൊരു ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

സിദ്ധാര്‍ത്ഥും മലയാളം നടി നിമിഷാ സജയനും അഭിനയിക്കുന്ന ‘ചിത്ത’ നടന്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും സംസ്ഥാന മന്ത്രിയുമായ ഉദയനിധി സ്റ്റാലിനുമായി ബന്ധപ്പെട്ട നിര്‍മ്മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസാണ് സിനിമ തീയറ്ററുകളില്‍ എത്തിക്കുന്നത്. ചിക്കു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കന്നഡ-ഡബ്ബ് പതിപ്പിന്റെ പ്രചരണാര്‍ത്ഥമാണ് സിദ്ധാര്‍ത്ഥ് ബെംഗളൂരുവില്‍ എത്തിയത്. വാര്‍ത്താസമ്മേളനത്തിനിടെ ഒരു കൂട്ടം കന്നഡ അനുകൂല പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ കയറി സിദ്ധാര്‍ത്ഥിനോട് ”കാവേരി പ്രതിഷേധം നടക്കുന്നു. ഇത് ഇപ്പോള്‍ ആവശ്യമാണോ?” എന്ന് ചോദിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

കന്നഡയില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ സിദ്ധാര്‍ത്ഥ് ശ്രമിച്ചപ്പോള്‍, തമിഴ്‌നാടിന് കാവേരി ജലം വിട്ടുനല്‍കുന്നതില്‍ കര്‍ണാടക നിവാസികള്‍ പ്രതിഷേധിക്കുന്ന സമയത്ത്, ഒരു തമിഴ് നടനെ വച്ച് ഒരു പത്രസമ്മേളനം സംഘടിപ്പിക്കേണ്ടതുണ്ടോ എന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. ”നിങ്ങള്‍ എല്ലാവരും കാവേരി വെള്ളം കുടിക്കാറില്ലേ? ഞങ്ങള്‍ ഉത്തരവിടാന്‍ വന്നതല്ല, നിങ്ങളും തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.” സമരക്കാര്‍ അദ്ദേഹത്തോട് പറഞ്ഞു.