Movie News

വേഗപ്പോരിനിടയില്‍ നടന്‍ അജിത് കുമാറിന് ആക്‌സിഡന്റ് ; റേസിംഗ്കാര്‍ തകര്‍ന്നു, പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

സിനിമയ്ക്ക് താല്‍ക്കാലിക അവധി നല്‍കി വേഗപ്പോരിലേക്ക് കടന്നിരിക്കുന്ന നടന്‍ അജിത് കുമാറിന് കാര്‍ റേസിംഗ് പരിശീലനത്തിനിടയില്‍ അപകടം. ദുബായ് ഗ്രാന്‍ഡ് പ്രീക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെ നടന്‍ അജിത് കുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടെങ്കിലും താരം പരിക്ക് കൂടാതെ രക്ഷപ്പെട്ടു. അതേസമയം കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

താരത്തിന്റെ പുതിയ സിനിമ വിടാമുയിര്‍ച്ചി ടീം നടന്റെ അപകടത്തിന്റെ ഒരു വീഡിയോ പങ്കിട്ടു. ഇത് പരിശീലന സെഷന്റെ ഭാഗമാണെന്ന് അറിയിച്ചിട്ടുണ്ട്. ജനുവരി 9 ന് ആരംഭിക്കുന്ന ദുബായ് ഗ്രാന്‍ഡ് പ്രീയ്ക്കായി അജിത് കുമാറിന്റെ ടീം തയ്യാറെടുക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു താരം അജിത് കുമാര്‍ റേസിംഗ് എന്ന പേരില്‍ സ്വന്തം റേസിംഗ് ടീമിന് തുടക്കമിട്ടത്.

അജിത് കുമാര്‍ റേസിങ്ങിന്റെ ബ്രോഷറിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് ശാലിനി അജിത്തിന് ആശംസ നേര്‍ന്നത്. ഒരു കാര്‍ റേസറായി താരത്തെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അവര്‍ സൂചിപ്പിച്ചു. ”ഒരു റേസിംഗ് ഡ്രൈവറായി നിങ്ങളെ തിരികെ കാണുന്നത് വളരെ സന്തോഷകരമാണ്. നിങ്ങള്‍ക്കും നിങ്ങളുടെ ടീമിനും സുരക്ഷിതവും വിജയകരവുമായ റേസിംഗ് ജീവിതം ആശംസിക്കുന്നു! ശാലിനി കുറിച്ചു. താരത്തിന്റെ വിടാമുയിര്‍ച്ചിയും ഗുഡ് ബാഡ് അഗ്‌ളിയും ഉടന്‍ ആരാധകരെ തേടിയെത്താന്‍ ഒരുങ്ങുകയാണ്.