Movie News

‘ഇൻസ്‌പെക്ടർ ബിജു വീണ്ടും ചാര്‍ജെടുക്കുന്നു’; രണ്ടാം വരവ് ഉറപ്പിച്ച് ‘ആക്‌ഷൻ ഹീറോ ബിജു’!

മലയാളത്തിൽ ഏറെ പുതുമകളുമായി വന്ന് സൂപ്പര്‍ഹിറ്റായ ചിത്രമായിരുന്നു എബ്രിഡ് ഷൈനിന്റെ സംവിധായക മികവില്‍ ഒരുങ്ങിയ നിവിൻ പോളി നായകനായ ആക്‌ഷൻ ഹീറോ ബിജു. സൂപ്പര്‍ ഡയലോഗുകൾ കൊണ്ടും അഭിനേതാക്കളുടെ മികവ് കൊണ്ടും ഏറെ ജനശ്രദ്ധ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന തരത്തിൽ വാര്‍ത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തിലെ നായക നടൻ നിവിൻ പോളി തന്നെ കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിരിക്കുന്നു.

താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് നിവിൻ അറിയിച്ചിരിക്കുന്നത്. “ആക്‌ഷൻ ഹീറോ ബിജു തിരശീലയിൽ വന്നിട്ട് ഇപ്പോൾ 8 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അന്ന് മുതൽ ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും അഭിനന്ദനങ്ങളും വളരെ വലുതാണ്. ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നതിൽ ഞങ്ങൾ അതിയായ ആകാംക്ഷയിലും ത്രില്ലിലുമാണ്. ഉടൻ വരുന്നു…” ചിത്രം പങ്കുവെച്ച് നിവിൻ പറഞ്ഞു.

2016-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജു ഒരു പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബിജു പൗലോസിന്റെയും സഹപ്രവർത്തകരുടെയും ചുറ്റിപ്പറ്റിയുള്ള കഥയാണ്. നിവിൻ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.