അതുല്യനടന്‍ ജഗതി ശ്രീകുമാറിനെപ്പറ്റി നടനും നിര്‍മാതാവും സംവിധായകനുമായ ലാൽ നടത്തിയ പരാമർശം വിവാദമാകുന്നു. ഷൂട്ടിംഗിനിടെ തന്റേതായ ചില ഡയലോഗുകളോ മാനറിസങ്ങളോ കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതി ശ്രീകുമാറിന്റെ ശൈലിയെക്കുറിച്ചായിരുന്നു ലാലിന്റെ പരാമർശം.
സംവിധായകനോട് മുൻകൂട്ടി പറയാതെ ഷോട്ടിൽ കൈയിൽ നിന്നിട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത കാര്യമാണെന്ന് ലാൽ പറയുന്നു. സംവിധായകൻ ചെയ്യാൻ പറഞ്ഞേൽപ്പിക്കുന്നത് മാറ്റുന്നത് നല്ലതല്ലെന്നും അത് ഒപ്പം അഭിനയിക്കുന്ന ആളെ ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ലാലിന്റെ നിരീക്ഷണം. ലാലിനെ അനുകൂലിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും നിരവധി പേർ രംഗത്തെത്തി. ‘കേരള ക്രൈം ഫയല്‍സ്’വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സൈന പ്ലസിനു നൽകിയ അഭിമുഖത്തിലാണ് ലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ലാലിന്റെ വാക്കുകൾ:
‘‘അമ്പിളി ചേട്ടനെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ പറയുന്ന കാര്യമാണ് പുള്ളി ഷോട്ട് എടുക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ ചില ഡയലോഗ് പറയും. ചില മൂവ്മെന്റസ് ഇടും എന്ന്. അത് ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ്. അങ്ങനെ ചെയ്യാനേ പാടില്ല. ചെയ്താല്‍ പറഞ്ഞിട്ട് ചെയ്യണമായിരുന്നു എന്ന് സംവിധായകൻ നിർബന്ധമായും പറയണം. അല്ലെങ്കില്‍ നന്നായിരുന്നെന്ന് പറയുകയോ വേണ്ടെന്ന് പറഞ്ഞ് മാറ്റുകയോ ചെയ്യണം. അതൊരു കഴിവായും മിടുക്കായും വെക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. ഏത് വലിയ നടനാണെങ്കിലും.
സീനിനെ ഹർട്ട് ചെയ്യുമോ എന്നതിലുപരി കൂടെ നില്‍ക്കുന്ന ആർട്ടിസ്റ്റുകളുണ്ട്. നമ്മള്‍ ഒരു കാര്യം തീരുമാനിച്ച് ഉറപ്പിച്ചാണ് പോകുന്നത്. ഇയാള്‍ പറഞ്ഞ് നിർത്തുന്ന ഡയലോഗിലെ അവസാന വാക്ക് കണക്‌ട് ചെയ്തിട്ടായിരിക്കും ഞാൻ ഡയലോഗ് പറയേണ്ടത്. കണക്ഷൻ നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ നമുക്ക് പറയാൻ ബുദ്ധിമുട്ട് വരും. ചിലപ്പോള്‍ നമ്മള്‍ പറഞ്ഞൊപ്പിക്കുമായിരിക്കും. പക്ഷെ അത് നമ്മുടെ പറഞ്ഞൊപ്പിക്കല്‍ ആവും. അപ്പൊ വീക്ക് ആകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കുമ്പോള്‍ ഇവിടെയാെരാള്‍ പരാജയപ്പെടുകയാണ്. സ്വന്തമായി ഡയലോഗില്‍ കൂട്ടിച്ചേർക്കല്‍ നടത്തുന്നത് ഒട്ടും നല്ല ലക്ഷണമല്ല…’’ ലാല്‍ തുറന്നു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇത് പറഞ്ഞത്.




