Featured Health

മുഖക്കുരു മരുന്ന്‌ കഷണ്ടി ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാം

ന്യൂയോര്‍ക്ക്‌: മുഖക്കുരു ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്ന മരുന്ന്‌ കഷണ്ടി ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാമെന്നു കണ്ടെത്തല്‍. 5 വര്‍ഷം മുമ്പ്‌ അംഗീകാരം ലഭിച്ച മരുന്നിനാണു പുതിയ ഉപയോഗം കണ്ടെത്തിയത്‌.

കഷണ്ടി അഥവാ ആന്‍ഡ്രോജെനിക്‌ അലോപ്പീസിയ, സാധാരണയായി 20കളുടെ അവസാനത്തിലും 30കളുടെ തുടക്കത്തിലുമുള്ള പുരുഷന്മാരെ ബാധിക്കുന്ന ഒരു സാധാരണ മുടികൊഴിച്ചില്‍ അവസ്‌ഥയാണ്‌.

ഈ വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. വിപണിയില്‍ നിരവധി മരുന്നുകള്‍ ലഭ്യമാണെങ്കിലും, കേ്ലാസ്‌കോടെറോണ്‍ എന്ന മരുന്ന്‌ മികച്ച ഫലം കാണിക്കുന്നതായാണു റിപ്പോര്‍ട്ട്‌. അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കോസ്‌മോ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ എന്ന കമ്പനി ഈ മരുന്നിന്റെ രണ്ട്‌ ഫേസ്‌ നീണ്ട ക്ലിനിക്കല്‍ ട്രയലുകളുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചു.

1,500 പുരുഷന്മാരെ ഉള്‍പ്പെടുത്തിയ രണ്ട്‌ ഗ്രൂപ്പുകളെ താരതമ്യം ചെയ്‌തു. ഒരു ഗ്രൂപ്പിന്‌ പ്ലാസിബോയും മറ്റേ ഗ്രൂപ്പിന്‌ കേ്ലാസ്‌കോടെറോണും നല്‍കി. ആദ്യ ട്രയലില്‍, മുടി വളര്‍ച്ചയുടെ കാര്യത്തില്‍ ഈ മരുന്ന്‌ 539% പുരോഗതി കാണിച്ചു. മറ്റൊരു ട്രയലില്‍, 168% പുരോഗതിയാണ്‌ രേഖപ്പെടുത്തിയത്‌.

കേ്ലാസ്‌കോടെറോണ്‍ സുരക്ഷിതവും താരതമ്യേനെ പാര്‍ശഫലങ്ങള്‍ കുറഞ്ഞതുമാണെന്നാണ്‌ അവകാശവാദം. പുതിയ മരുന്നിന്‌ അടുത്ത വര്‍ഷം യു.എസില്‍ അംഗീകാരം ലഭിക്കുമെന്നാണു പ്രതീക്ഷ. മുഖക്കുരു ചികിത്സയ്‌ക്ക്‌ ഈ മരുന്ന്‌ ഉപയോഗിക്കാന്‍ നേരത്തെ തന്നെ അനുമതിയുണ്ട്‌.