സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ അതിക്രമങ്ങളെക്കുറിച്ച് വൈറല്‍ കുറിപ്പുമായി അച്ചു ഹെലന്‍. പ്രൊഫൈലിൽ ഒരു മൊബൈൽ നമ്പർ ചേർത്താൽ, മോഡേൺ ആയി വേഷം ധരിച്ചാൽ, ഒരുപാട് പുരുഷന്മാർക്കൊപ്പം സൗഹൃദം ഉണ്ടായാൽ അതെല്ലാം ആഗ്രഹിക്കാത്തവർക്കുള്ള ക്ഷണമായി ധരിക്കരുതെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
നീ അവരോട് അങ്ങനെ ആണല്ലോ അപ്പോൾ പിന്നെ എന്നോടും ആയാൽ എന്താ എന്നുള്ള മനോഭാവം വളരെ അധപതിച്ചതാണ്. ഒരു പെണ്ണിന്റെ വാട്ട്സാപ്പ് നമ്പർ കിട്ടിയാൽ ഉടനെ സുഖമാണോ, ചായ കുടിച്ചോ, കൂട്ടുകൂടാമോ? പരിചയപ്പെടാമോ എന്നൊക്കെ പറഞ്ഞു വെറുപ്പിക്കുന്നതു പോലെ തന്നെയാണ് ആദ്യമായി കാണുന്ന ഒരുവളെ തൊട്ടും പിടിച്ചും അവർ ഇഷ്ടമില്ലെന്നു ശരീര ഭാഷകൊണ്ട് അറിയിച്ചിട്ടും നിന്ന ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞു പിറകെ ചെല്ലുന്നത്.
ഒരു പെണ്ണ് നിങ്ങളിൽ കംഫർട്ട് ആണെന്ന് അവരുടെ പെരുമാറ്റത്തിൽ നിന്നും നിങ്ങൾക്ക് മനസിലായില്ലയെങ്കിൽ നിങ്ങളോളം വിഡ്ഢി വേറെയില്ല. കാണുന്ന സ്ത്രീകളെയെല്ലാം ലൈംഗിക ബന്ധത്തിന് കിട്ടുമോ എന്ന ഉദ്ദേശ്യത്തോടെ മാത്രം സമീപിക്കുന്ന വിഡ്ഢികൾക്ക് കാമം കരഞ്ഞു തീർക്കാനേ ഈ ജന്മം സാധിക്കൂ എന്നതാണ് സത്യം. ഈ അസുഖം പ്രായം ചെന്നവര്‍ക്കാണ് കൂടുതൽ. ഒരു യാത്ര പോയാൽ, ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ അല്പം ഗ്ലാമർ ചിത്രങ്ങൾ കണ്ടാൽ, ഇത്തരക്കാര്‍ പ്രതീക്ഷിച്ചു തുടങ്ങും. കാണുന്ന എല്ലാ സ്ത്രീകളോടും ഒറ്റ വികാരത്തോടെ സമീപിക്കുന്ന ഇത്തരക്കാർ മറ്റുള്ളവർക്കു മുന്നിൽ വട്ടപൂജ്യം ആണെന്ന് മനസ്സിലാക്കുന്നേയില്ല..
പിന്നെ ഇതൊക്കെ നന്നായി കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് അറിയാഞ്ഞിട്ടല്ല. ഭാര്യയെ പേടിക്കുന്ന ഇവന്മാരുടെ പേരും പ്രൊഫൈല്‍ ടാഗും വെച്ചു നാണം കെടുത്തിയാൽ തീരും എല്ലാം. ന്യൂനപക്ഷം ഇങ്ങനെയുള്ളവർ മതി ഭൂരിപക്ഷം നല്ലവരായ ആണുങ്ങളെ പറയിപ്പിക്കാൻ. ആ ന്യൂനപക്ഷക്കാർ ഇത് വായിച്ചത് കൊണ്ടു നന്നാകുമെന്ന് വല്ല്യ പ്രതീക്ഷയും ഉണ്ടായിട്ടല്ല.
പക്ഷെ കണ്ടും കേട്ടും അറിഞ്ഞും മിണ്ടാതിരിക്കാൻ തോന്നാത്തത് വയ്യാതാകുമ്പോഴാണ് പോസ്റ്റ് ആയി ഇട്ടുപോകുന്നത്. ഈ പറയുന്ന ഞാൻ നല്ലവൾ ആണെന്ന് സ്വയം വരുത്തിതീർക്കാൻ ഉള്ള ശ്രമമായി അവർക്ക് തോന്നാം. അവരോടാണ് പറയാനുള്ളത്. ഞാൻ നല്ലവൾ അല്ലെന്നു മാത്രമല്ല ഭയങ്കര പ്രശ്നക്കാരിയുമാണ്. പക്ഷെ ഇന്നോളം അറിയാത്ത, എനിക്കിഷ്ടമല്ലാത്ത ആരുടേയും അനാവശ്യമായ calls, chats, touch, talk ഒന്നും സഹിക്കേണ്ട ആവശ്യം എനിക്കല്ല എന്നെപ്പോലെ നിലപാട് ഉള്ള ആർക്കും ഇല്ലാ. അപ്പൊ അതങ്ങു നിർത്തിയേക്ക് പകൽ മാന്യരെ. അല്ലേൽ സ്ക്രീന്‍ ഷോട്സ് ഇടുമെന്നും അവര്‍ വ്യക്തമാക്കുന്നു.