ബോളിവുഡ് താരം സല്‍മാന്‍ഖാന്റെയും ഐശ്വര്യ റായിയുടേയും പ്രണയകഥ അവരെ പോലെ തന്നെ ഒരു കാലത്ത് ആരാധകരും ആഘോഷമാക്കിയ ഒന്നാണ്. 1999-ലെ റൊമാന്റിക് ഡ്രാമയായ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സല്‍മാനും ഐശ്വര്യയും ഡേറ്റിംഗ് ആരംഭിച്ചത്. സല്മാന് ഒരു മദ്യപാനിയായിരുന്നെന്നും മദ്യപിച്ച് വാക്കാലും ശാരീരികമായും വൈകാരികമായും തന്നെ ഉപദ്രവിച്ചുവെന്നും ഐശ്വര്യ ആരോപിച്ചതിനെത്തുടര്‍ന്ന് 2002-ല്‍ അവര്‍ പിരിഞ്ഞു.
ഇരുവരുടേയും വേര്‍പിരിയലിന് ശേഷം സല്ലു മറ്റൊരു വിവാഹം കഴിച്ചില്ല. എന്നാല്‍ ഐശ്വര്യ പിന്നീട് അഭിഷേക് ബച്ചനെ വിവാഹം കഴിയ്ക്കുകയായിരുന്നു. പിന്നീട് ഒരിയ്ക്കലും ഇരുവരേയും ഒരുമിച്ച് ഒരു വേദിയിലും കണ്ടിട്ടുമില്ല. എന്നാല്‍ ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റേയും മകള്‍ ആരാധ്യ ബച്ചന് സിക്കന്ദന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് സല്മാന് ഖാനെ കാണുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയില്‍ ആരാധ്യയുമായി സാമ്യമുള്ള ഒരു പെണ്‍കുട്ടി സല്മാന് ഖാനെ കെട്ടിപ്പിടിക്കുന്നതാണ് കാണുന്നത്. ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് വീഡിയോ ശ്രദ്ധേയമാകുന്നത്.
ഐശ്വര്യയും സല്‍മാനും തമ്മില്‍ വീണ്ടും ബന്ധം തുടരുകയാണോയെന്ന രീതിയിലാണ് ആരാധകരുടെ ഭാഗത്ത് നിന്നുള്ള കമന്റുകള്‍ വന്നത്. എന്നാല്‍ വീഡിയോയില്‍ കാണുന്ന പെണ്‍കുട്ടി ആരാധ്യ അല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യന്‍ ബോക്സര്‍ നിഖത് സറീനാണ് സിക്കന്ദറിന്റെ സെറ്റില്‍ വെച്ച് സല്‍മാനെ പരിചയപ്പെടാന്‍ എത്തിയ ആ പെണ്‍കുട്ടി. നിഖത് സറീന്റെ മുഖത്തിന് പകരം ആരാധ്യയുടെ മുഖം മോര്‍ഫ് ചെയ്ത വീഡിയോയാണ് പിന്നീട് വൈറലായത്.