ബോളിവുഡിലെ സൂപ്പര്‍താരമാണ് ആമിര്‍ഖാന്‍. അദ്ദേഹത്തെ ബോളിവുഡിന്റെ ‘മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്’ എന്നാണ് വിളിയ്ക്കാറ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലാണ് ആമിര്‍ ഖാന്‍ വര്‍ഷങ്ങളായി, ആമിര്‍ നിരവധി വിജയകരമായ സിനിമകള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ പലതും ഐക്കണിക്ക് ഹിറ്റുകളായി. സമീപ വര്‍ഷങ്ങളില്‍, നടന്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ചെങ്കിലും ബോളിവുഡിനോട് പൂര്‍ണ്ണമായും വിട പറഞ്ഞില്ല. പകരം സിനിമാ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് അദ്ദേഹം മാറി.
മുംബൈയിലെ പാലി ഹില്‍ ഏരിയയിലുള്ള തന്റെ വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ ഇടംനേടിയിരിയ്ക്കുകയാണ് താരം ഇപ്പോള്‍. ആമിര്‍ ഖാന്‍ താമസിക്കുന്ന കെട്ടിടത്തില്‍ 24 അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. അതില്‍ ഒമ്പതും നടന്റെ ഉടമസ്ഥതയിലുള്ളതാണ്. കെട്ടിടത്തിന് 40 വര്‍ഷം പഴക്കമുള്ളതു കാരണം ഇപ്പോള്‍ അറ്റ്മോസ്ഫിയര്‍ റിയാലിറ്റിയുമായി സഹകരിച്ച് പുനര്‍നിര്‍മ്മിയ്ക്കാനുള്ള ഒരുക്കത്തിലാണ്.
കെട്ടിടത്തിന്റെ പുനര്‍വികസന പദ്ധതികളില്‍ ആമിര്‍ ഖാന്‍ സജീവമായി ഇടപെടുന്നുണ്ട്. പുതിയ ഘടന താമസക്കാര്‍ക്ക് 55-60 ശതമാനം കൂടുതല്‍ താമസസ്ഥലം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ചതുരശ്രയടിക്ക് 80,000 മുതല്‍ 1,25,000 രൂപ വരെയാണ് പുനര്‍വികസന ചെലവ് കണക്കാക്കുന്നത്. ‘പ്രോജക്റ്റ് നിലവില്‍ അംഗീകാരത്തിലാണ്, 26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പദ്ധതി ആരംഭിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,’ – MICL മാനേജിംഗ് ഡയറക്ടര്‍ മനന്‍ ഷാ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
നാഗ ചൈതന്യയും കരീന കപൂര്‍ ഖാനും അഭിനയിച്ച ലാല്‍ സിംഗ് ഛദ്ദയിലാണ് ആമിര്‍ ഖാന്‍ അവസാനമായി അഭിനയിച്ചത്. ഹോളിവുഡ് ക്ലാസിക് ഫോറസ്റ്റ് ഗമ്പിന്റെ ഔദ്യോഗിക റീമേക്ക് ആയിരുന്നു ഈ ചിത്രം. ആമിര്‍ ഖാന്‍ തന്റെ ഹിറ്റ് ചിത്രമായ താരേ സമീന്‍ പറിന്റെ രണ്ടാം ഭാഗമായ സിതാരെ സമീന്‍ പറില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. പ്രൊജക്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും താരം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.