ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് തെന്നിന്ത്യന്‍ തലൈവരെ കണ്ടുമുട്ടിയാല്‍ എന്ത് സംഭവിക്കും? തീര്‍ച്ചയായും അതൊരു ഗുണ്ട് തന്നെയായിരിക്കും. ലോകേഷ് കനകരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂലിയില്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ഒരുങ്ങുകയാണ് ആമിര്‍ ഖാന്‍. സിനിമയ്ക്ക് യെസ് പറയാന്‍ താരം സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ പോലും കാത്തിരുന്നില്ല.
തിരക്കഥ പോലും കേള്‍ക്കാതെയാണ് ലോകേഷ് കനകരാജിന്റെ കൂലിയില്‍ അഭിനയിച്ചതെന്ന് ബോളിവുഡ് താരം പറഞ്ഞു. രജനി സാറിന്റെ വലിയ ആരാധകനാണ് താനെന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹം ഈ അവസരം പാഴാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. കൂലിക്കായി ഇന്ത്യന്‍ സിനിമയിലെ രണ്ട് മികച്ച നടന്മാര്‍ ഒന്നിച്ചതോടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തന്റെ തിരിച്ചുവരവ് ചിത്രമായ സിത്താരെ സമീന്‍ പര്‍ പ്രൊമോഷന്റെ തിരക്കിലായ ആമിര്‍, പ്രോജക്റ്റിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് കൂലിയെക്കുറിച്ചു കൂടി പറഞ്ഞത്.
ചിത്രത്തിലെ തന്റെ അതിഥി വേഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതേ…ഞാന്‍ ലോകേഷിനൊപ്പം ഒരു സിനിമ ചെയ്യുന്നു, ഞാന്‍ കൂലിയില്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നു എന്നായിരുന്നു മറുപടി. ” രജനി സാറിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഏറെ ആഹ്‌ളാദം നല്‍കുന്ന കാര്യമാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. രജനി സാറിനോട് ഒരുപാട് സ്‌നേഹവും ബഹുമാനവുമുണ്ട്. അതുകൊണ്ട് സ്‌ക്രിപ്റ്റ് പോലും ഞാന്‍ കേട്ടില്ല. ഇത് രജനി സാറിന്റെ കൂലി എന്ന സിനിമയാണെന്നും ഒരു വേഷം ചെയ്യാമോയെന്ന് ലോകേഷ് പറഞ്ഞപ്പോള്‍ തന്നെ ഒകെ പറയുകയായിരുന്നെന്നും താരം വ്യക്തമാക്കി. ഇതിന് പിന്നാലെ ലോകേഷിനൊപ്പം ഒരു സൂപ്പര്‍ഹീറോ സിനിമ കൂടി ആമിര്‍ ചെയ്യുന്നുണ്ട്.
ഇക്കാര്യവും താരം സ്ഥിരീകരിച്ചു.. ‘അതെ, ഞാനും ലോകേഷിനൊപ്പം വീണ്ടും ഒരു സിനിമ ചെയ്യുന്നു. അദ്ദേഹം കൈതി പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നു.” താരം പറഞ്ഞു. ഒരു ഹൈ-ഒക്ടെയ്ന്‍ സൂപ്പര്‍ഹീറോ ചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. ഇതുവരെ കാണാത്ത അവതാരത്തില്‍ താരം എത്തുമെന്നും സൂചനയുണ്ട്.




