Oddly News

പാത്രം കഴുകുന്നപോലെ തോക്ക് തേച്ചുകഴുകുന്ന വീഡിയോ വൈറൽ- തൂക്കിയെടുത്ത് പൊലീസ്

അടുക്കളയില്‍ പാത്രം തേച്ചുകഴുകുന്ന ലാഘവത്തോടെ തോക്കുകള്‍ വൃത്തിയാക്കുന്ന സ്ത്രീയുടെ വീഡിയോ വൈറല്‍. പിന്നാലെ അന്വേഷണവുമായി പൊലീസ് കണ്ടെത്തിയത് അനധികൃത ആയുധ നിര്‍മാണശാല . മധ്യപ്രദേശിലെ മൊറേന ജില്ലാ ആസ്ഥാനത്തുനിന്ന് 18 കിലോമീറ്റർ അകലെ ഒരു അനധികൃത ആയുധ നിര്‍മാണശാലയിലാണ് പോലീസ് അന്വേഷണം അവസാനിച്ചത്.

വെള്ളം നിറച്ച ഒരു ചീനച്ചടിക്ക് ചുറ്റും നിരത്തിവച്ച തോക്കുകള്‍ ബ്രഷും സോപ്പും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കുന്ന ഒരു സ്ത്രീയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മറ്റൊരാള്‍ നിര്‍ദേശം നല്‍കുന്നതനുസരിച്ച് സ്ത്രീ തോക്കുകള്‍ കഴുകി വൃത്തിയാക്കുന്നതാണ് വിഡിയോ. നിരവധിയാളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്ത വീഡിയോ നിരവധി കമന്‍റുകളും ലഭിച്ചു.

വിഡിയോ വൈറലായതോടെയാണ് സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. വിഡിയോയുടെ ഉറവിടം അനധികൃത ആയുധ നിര്‍മാണശാലയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ ഭർത്താവ് ശക്തി കപൂർ സഖ്വാർ, ഭാര്യാപിതാവ് ബിഹാരിലാൽ എന്നിവരെ ആയുധശേഖരവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടി.

പരിശോധനയില്‍ ആയുധങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന നിരവധി സാധനങ്ങള്‍ പൊലീസ് കണ്ടെത്തി. അനധികൃത തോക്കുകളുടെയും പകുതി പണിപൂര്‍ത്തിയായ തോക്കുകളുടെയും വൻശേഖരം പിടിച്ചെടുത്തു. ഡബിള്‍ബാരല്‍ ഗണ്ണുകളും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. വീഡിയോയില്‍ നിര്‍ദേശം നല്‍കുന്നയാള്‍ ശക്തി കപൂറാണെന്നും സ്ത്രീ ഇയാളുടെ ഭാര്യയാണെന്നുമാണ് പൊലീസ് പറയുന്നത്.