തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നിന്നുള്ള ജെജു എയര്‍ വിമാനം ബെല്ലി ലാന്‍ഡിംഗിന് ശ്രമിക്കുമ്പോള്‍ മുവാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തീഗോളമായി മാറുന്നതിന്റെ ഭയാനകദൃശ്യങ്ങള്‍ പുറത്തുവന്നു. ബജറ്റ് എയര്‍ലൈനിന്റെ 15 വര്‍ഷം പഴക്കമുള്ള ബോയിംഗ് 737-800 വിമാനം റണ്‍വേയ്ക്ക് കുറുകെ തെന്നി കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിക്കുകയും സ്ഫോടനം ഉണ്ടാകുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍.
അപകടത്തിന് മുമ്പ് വിമാനത്തിന്റെ വലതു ചിറകില്‍ ഒരു തീപ്പൊരി കണ്ടതായി വിമാനത്താവളത്തിനടുത്തുള്ള വാടകവീട്ടില്‍ താമസിച്ചിരുന്ന ദൃക്‌സാക്ഷി യൂ ജേ-യോങ് (41) യോന്‍ഹാപ്പ് എഎഫ്പിയോട് പറഞ്ഞു. വിമാനത്തിന് എന്തോ കുഴപ്പമുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സ്ഫോടനശബ്ദം കേട്ടതായി യാന്‍ഹോപ്പ് പറഞ്ഞു. ഒരു മിന്നല്‍ വെളിച്ചം കണ്ടു പിന്നാലെ വലിയ സ്ഫോടനം നടന്നു. വലിയൊരു പുക അന്തരീക്ഷത്തിലേക്ക് പടര്‍ന്നു പിന്നാലെ സ്ഫോടന പരമ്പരകള്‍ തന്നെയുണ്ടായെന്ന് മറ്റൊരു ദൃക്സാക്ഷി ചോ പറഞ്ഞു.
അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിന് മുമ്പ് വിമാനത്തിന് പക്ഷി ഇടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി തെളിഞ്ഞു. 2019 മുതല്‍ ജോലി ചെയ്യുന്ന 9,800 മണിക്കൂറിലധികം ഫ്ളൈറ്റ് പ്രവര്‍ത്തി പരിചയം ഉണ്ടായിരുന്നയാളായിരുന്നു പൈലറ്റ്. വിമാനം പക്ഷിക്കൂട്ടത്തില്‍ പെട്ടിരിക്കാമെന്നും ചിലത് എഞ്ചിനുകളില്‍ കുടുങ്ങിയിരിക്കാമെന്നും സംശയിക്കുന്നതായി ബക്കിംഗ്ഹാംഷെയര്‍ ന്യൂ യൂണിവേഴ്‌സിറ്റിയിലെ ഏവിയേഷന്‍ ഓപ്പറേഷനിലെ സീനിയര്‍ ലക്ചറര്‍ മാര്‍ക്കോ ചാന്‍ പറഞ്ഞത്.
വിമാനത്തിലുണ്ടായിരുന്ന 181 പേരില്‍ 179 പേര്‍ കൊല്ലപ്പെട്ടു. 175 യാത്രക്കാരും മരിച്ചു. കൊല്ലപ്പെട്ടവരില്‍ നാല് ജീവനക്കാരും ഉള്‍പ്പെടുന്നു.1997 ന് ശേഷം ദക്ഷിണ കൊറിയന്‍ മണ്ണില്‍ ഏറ്റവും മോശമായ വിമാന ദുരന്തമാണ് ഇത്. മരിച്ച 22 യാത്രക്കാരെ അവരുടെ വിരലടയാളം ഉപയോഗിച്ച് തിരിച്ചറിഞ്ഞു. ഒരു പുരുഷനും ഒരു സ്ത്രീയും ഉള്‍പ്പെടെ രണ്ടു ക്രൂ അംഗങ്ങളെ കത്തുന്ന അവശിഷ്ടങ്ങളില്‍ നിന്ന് ജീവനോടെ പുറത്തെടുത്തു.
മരിച്ചതായി സ്ഥിരീകരിച്ചവരുടെ പേരുകള്‍ വായിച്ചപ്പോള്‍ ദുഃഖിതരായ കുടുംബങ്ങള്‍ അറൈവല്‍ ഹാളില്‍ നിലവിളിക്കുകയും കരയുകയും ചെയ്തു. യാത്രക്കാരില്‍ 82 പേര്‍ പുരുഷന്മാരും 93 പേര്‍ സ്ത്രീകളുമാണ്, മൂന്ന് വയസ്സ് മുതല്‍ 78 വയസ്സ് വരെ പ്രായമുള്ളവരാണ്. ഏറ്റവും പ്രായം കുറഞ്ഞ ഇരകള്‍ മൂന്ന് വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ അഞ്ച് കുട്ടികളാണ്. ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരന്‍ മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയും മൂത്തയാള്‍ 78 വയസ്സുകാരനുമാണ്. മരിച്ചവരില്‍ അഞ്ചുപേര്‍ 10 വയസ്സില്‍ താഴെയുള്ളവരാണ്.