സമൂഹം പിന്തുടരുന്ന പതിവുവഴികളുടെ ഭാരമില്ലാതെ സ്ത്രീകള്‍ നിശ്ചയദാര്‍ഡ്യത്തോടെ അവരുടെ അഭിനിവേശത്തെ പിന്തുടരുമ്പോള്‍ എന്തും നേടാനാകും. അതുകൊണ്ടാണ് കശ്മീരിലെ പച്ചപുതച്ച താഴ്വരകള്‍ക്ക് നടുവില്‍, ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള 20 കാരിയായ സാനിയ സെഹ്റ ബിസിനസ് രംഗത്തെ പുരുഷമേധാവിത്വത്തെ വെല്ലുവിളിക്കുന്നത്.
തേനീച്ച വളര്‍ത്തലിന്റെ മേഖലയില്‍ വിജയകരമായ ബിസിനസ്സ് അവര്‍ കെട്ടിപ്പടുത്തു. ശ്രീനഗറിലെ ബല്‍ഹാമ പ്രദേശത്ത് താമസിക്കുന്ന സാനിയ ചെറുപ്പം മുതലേ തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്നു. തേനീച്ചഫാമില്‍ പിതാവ് ജോലി ചെയ്യുന്നത് ശ്രദ്ധയോടെ നിരീക്ഷിച്ചാണ് അത് അവള്‍ പഠിച്ചെടുത്തത്. അവളുടെ പിതാവ് അവള്‍ക്ക് വഴികാട്ടിയും ഉപദേശകനുമായി മാറി. 35 തേനീച്ചക്കൂടുകളും സര്‍ക്കാരില്‍ നിന്നുള്ള 80% സബ്സിഡിയുമായി സ്വന്തമായി ബിസിനസ് തുടങ്ങാന്‍ അവള്‍ തീരുമാനിച്ചു. ”35 തേനീച്ചക്കൂടുകള്‍ സ്ഥാപിക്കുന്നതിന് എനിക്ക് 1.12 ലക്ഷം രൂപ സബ്സിഡി ലഭിച്ചു. ” സാനിയ പറയുന്നു.
ഒരുപക്ഷേ, ആ നാട്ടില്‍ തേനീച്ച വളര്‍ത്തല്‍ തൊഴിലില്‍ പ്രവേശിച്ച ആദ്യത്തെ പെണ്‍കുട്ടിയാണ് അവള്‍, ഇപ്പോള്‍ കശ്മീരിലെ ‘തേനീച്ച രാജ്ഞി’ എന്നറിയപ്പെടുന്നു. കേവലം നാല് വര്‍ഷത്തിനുള്ളില്‍ സാനിയ തന്റെ കഠിനാധ്വാനത്തിലൂടെ വിജയകരമായ തേനീച്ച വളര്‍ത്തല്‍ ബിസിനസുകാരിയായ മാറി. ഇപ്പോള്‍ അവള്‍ 650-ലധികം തേനീച്ച വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യുന്നു.
കശ്മീരിലെ തണുത്ത താഴ്വരകളില്‍ നിന്ന് തണുപ്പുകാലത്ത് രാജസ്ഥാനിലെ ചൂടുള്ള പ്രദേശങ്ങളിലേക്കുള്ള തേനീച്ചകളെ മാറ്റുന്നതാണ് തേനീച്ച വളര്‍ത്തലിന്റെ ഏറ്റവും പ്രയാസകരമായ ഭാഗം. ശൈത്യകാലത്ത്, ചൂടുള്ള പ്രദേശങ്ങളിലേക്ക് തേനീച്ചകളെ മാറ്റേണ്ടിവരും. അതില്ലാതെ തേനീച്ചകള്‍ക്ക് തേന്‍ ഉത്പാദിപ്പിക്കാന്‍ കഴിയില്ല. ഗംഗാ നഗറിലെ കാലാവസ്ഥയും സസ്യജാലങ്ങളും തേനീച്ചവളര്‍ത്തല്‍ സംരംഭത്തിന് അനുയോജ്യമാണ്.
മറ്റ് തേനീച്ച വളര്‍ത്തുകാരില്‍ നിന്ന് വ്യത്യസ്തമായി, സാനിയ താന്‍ ഉത്പാദിപ്പിക്കുന്ന തേന്‍ നേരിട്ട് സ്വന്തം ബ്രാന്‍ഡില്‍ വില്‍ക്കുകയും ചെയ്യുന്നു. ”ഞാന്‍ ആദ്യം ചില ഇടനിലക്കാര്‍ക്ക് തേന്‍ വിറ്റിരുന്നു, പക്ഷേ അവര്‍ ഉല്‍പ്പന്നത്തില്‍ മായം കലര്‍ത്തുന്നുവെന്ന് മനസ്സിലായപ്പോള്‍, ഞാന്‍ തന്നെ തേന്‍ വിപണനം ചെയ്യാനും വില്‍ക്കാനും തുടങ്ങി. ഞാന്‍ കശ്മീരിലും രാജ്യത്തിനകത്തും വിദേശത്തും തേന്‍ വില്‍ക്കുന്നു, ”സാനിയ പറയുന്നു.