ശാസ്ത്രം എത്രത്തോളം പുരോഗമിച്ചാലും ഭക്ഷണസാധനങ്ങളുടെ രുചി അറിയാനുള്ള നാവ് നമ്മുടെ സ്വകാര്യ അഹങ്കാരമായിരുന്നു. രുചിഭേദങ്ങള്‍ ഒരു പരിധിവരെ വ്യക്തിപരമാണങ്കിലും സ്വാദ് തിരിച്ചറിയുക എന്നത് ധാരാളം തൊഴില്‍സാദ്ധ്യതയുള്ള, വിപണിമൂല്യമുള്ള മേഖലയായിരുന്നു. പ്രത്യേകിച്ചും കാപ്പിയുടേയും ചായയുടേയും രുചിയുടെ നിലവാരം പരിശോധിക്കാന്‍. എന്നാല്‍ സമസ്തമേഖലകളും കൈയടക്കുന്ന എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇപ്പോഴിതാ ഇവിടേയ്ക്കും കടന്നുവരുന്നു.
എ ഐയുടെ കരുത്തോടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് നാവ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇതിന് ഭക്ഷണത്തിന്റെ നിലവാരം, സുരക്ഷിതത്വം എന്നിവയെല്ലാം കണ്ടെത്താന്‍ സാധിക്കും. പല തരത്തിലുള്ള കാപ്പികളുടെ നിലവാരം കണ്ടെത്താനും പാനീയങ്ങള്‍ എപ്പോഴാണ് നശിക്കുന്നതെന്ന് കണ്ടെത്താനുമൊക്കെ ഈ നാക്കിന് കഴിവുണ്ട്. ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത് നേച്ചര്‍ ശാസ്ത്രമാസികയിലാണ്.
ഇത് പ്രവര്‍ത്തിക്കുന്നത് ഫീല്‍ഡ് ഇഫക്ടീവ് ട്രാന്‍സിസ്റ്റര്‍ (FET) സാങ്കേതിക വിദ്യയിലാണ്. ഇതിന് രാസ അയോണുകളെ കണ്ടെത്താനായി സാധിക്കും. ഒരു ദ്രാവകത്തിലെ അയോണുകളുടെ വിവരങ്ങള്‍ സെന്‍സര്‍ ശേഖരിക്കും. പിന്നാലെ ഒരു കംപ്യൂട്ടറിനു പ്രോസസ് ചെയ്യാവുന്ന രീതിയിലുള്ള ഇലക്ട്രിക് സിഗ്നലാക്കി ഇതിനെ മാറ്റും. എ ഐ സാങ്കേതിക വിദ്യയാണ് ഈ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം.
ഈ ഗവേഷണത്തിന് നേതൃത്വം നല്‍കിയതാവട്ടെ പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ പ്രതര്‍ഷി ദാസിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ്. അസിഡിറ്റി കണ്ടെത്താനുള്ള ഒരു പരീക്ഷണത്തില്‍ 91 ശതമാനമാണ് ഈ ഇലക്ട്രോണിക് നാവിന്റെ വിജയം. തുടര്‍ പരീക്ഷണങ്ങളില്‍ ഇത് 95 ശതമാനമായി ഉയർന്നു. ഇലക്ട്രോണിക് നാവിന്റെ പരീക്ഷണങ്ങള്‍ തുടരുയാണ്. നാവിന്റ രുചിമുകുളങ്ങളെ വെല്ലുവിളിക്കാന്‍.