ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ മാധവന്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാന്‍ പോകുന്ന സിദ്ധാര്‍ത്ഥും നയന്‍താരയും അഭിനയിക്കുന്ന ‘ടെസ്റ്റ്’ ഉള്‍പ്പെടെ തന്റെ വരാനിരിക്കുന്ന പ്രോജക്ടുകള്‍ക്കായി മാധവന്‍ ഇപ്പോള്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ നാലു വര്‍ഷത്തിന് ശേഷമാണ് മാധവന്‍ സിനിമയില്‍ വീണ്ടും സജീവമായിരിക്കുന്നത്. എന്തിനാണ് സിനിമയില്‍ നിന്നും താരം ദീര്‍ഘമായി ഈ ഇടവേള എടുത്തത് എന്നത് വ്യക്തമാക്കുകയാണ് മാധവന്‍.
സ്വിറ്റ്സര്‍ലന്റില്‍ വെച്ച് ഒരു കര്‍ഷകന്‍ തന്നെ പരിഹസിച്ചത് ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചുകളഞ്ഞെന്ന് മാധവന്‍ പറയുന്നു. തന്റെ പ്രകടനത്തോടുള്ള കര്‍ഷകന്റെ പ്രതികരണം തന്റെ കരിയര്‍ തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിച്ചതായും, ഒടുവില്‍ ഇന്ത്യയിലുടനീളം ഒരു ആത്മാന്വേഷണ യാത്ര ആരംഭിക്കാന്‍ തന്നെ പ്രേരിപ്പിച്ചതായും നടന്‍ തുറന്നു പറഞ്ഞു.
സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു സിനിമാ ഷൂട്ടിംഗില്‍ നിന്നുള്ള ഒരു അനുഭവം അദ്ദേഹം പങ്കുവെച്ചു. ”ഓറഞ്ച് പാന്റും പച്ച ഷര്‍ട്ടും ധരിച്ച് സ്വിറ്റ്സര്‍ലന്‍ഡില്‍ ഒരു തമിഴ് ഗാനം ചിത്രീകരിക്കുകയായിരുന്നു. സംഗീതത്തിനനുസരിച്ച് നടക്കുകയായിരുന്ന ഞാന്‍ റോഡിന്റെ മധ്യത്തിലായിരുന്നു. ഈ സമയത്ത് ഒരു സ്വിസ് കര്‍ഷകന്‍ ഞങ്ങളെ അവജ്ഞയോടെ നോക്കി തലയാട്ടുന്നത് ഞാന്‍ കണ്ടു. ഞാന്‍ അവനെ നോക്കി പറഞ്ഞു, ”നീ ചെന്നൈയിലേക്ക് വരൂ, ഞാന്‍ ആരാണെന്ന് കാണിച്ചുതരാം. എനിക്ക് ശരിക്കും ദേഷ്യം വന്നു. പക്ഷേ പെട്ടെന്ന് എനിക്ക് തോന്നി. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ മറ്റുള്ളവരുടെ താളത്തിനൊത്ത് നൃത്തം ചെയ്യുകയാണെന്ന്. എനിക്ക് സ്വയം അവജ്ഞ തോന്നി”
അര്‍ത്ഥവത്തായ ഒരു ജോലി പിന്തുടരുന്നതിനുപകരം മറ്റുള്ളവര്‍ തന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് താന്‍ കരിയര്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതെന്ന് നടന് മനസ്സിലാക്കി. വ്യക്തതയുടെ ആ നിമിഷം മുതല്‍ പരസ്യങ്ങള്‍ ഉള്‍പ്പെടെ സിനിമകളില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ആത്മപരിശോധനയില്‍ ഭാര്യ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ”ഒരു ദിവസം രാവിലെ എന്റെ ഭാര്യ എന്നെ നോക്കി പറഞ്ഞു. നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജോലി ചെയ്യാന്‍ അവിടെ നിന്നും തിരിച്ചുവരൂ. അപ്പോള്‍ തന്നെ ഞാന്‍ ഒരു ഇടവേള എടുത്തു. രാജ്യം എവിടേക്കാണ് പോകുന്നതെന്നും ആളുകള്‍ എന്ത് തരത്തിലുള്ള കാര്യങ്ങളെയാണ് വിലമതിക്കുന്നതെന്നും മനസ്സിലാക്കാന്‍ ആഗ്രഹിച്ചു. സിനിമയും പരസ്യചിത്രങ്ങള്‍ പോലും ചെയ്യുന്നത് നിര്‍ത്തി. ഞാന്‍ താടി വളര്‍ത്തി. ഇന്ത്യയിലുടനീളം സഞ്ചരിച്ച് എന്താണ് പ്രധാനമെന്ന് മനസ്സിലാക്കി. നാല് വര്‍ഷത്തെ ആ ഉള്‍ക്കാഴ്ചയാണ് ഇപ്പോള്‍ ഞാന്‍ ഉപയോഗിക്കുന്നത്്” താരം പറഞ്ഞു.
ഇന്ത്യയില്‍ ഉടനീളം സഞ്ചരിച്ച് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തില്‍ മുഴുകി, അവര്‍ എങ്ങനെ സംസാരിക്കുന്നു, ജീവിക്കുന്നു, ചുറ്റുമുള്ള ലോകത്തെ എങ്ങനെ മനസ്സിലാക്കുന്നു എന്നിവ നിരീക്ഷിച്ചു. ഈ അനുഭവം കഥപറച്ചിലിനോടും അഭിനയത്തോടും ഉള്ള അദ്ദേഹത്തിന്റെ സമീപനത്തെ പുനര്‍നിര്‍മ്മിച്ചു. ചെയ്യാന്‍ ആഗ്രഹിക്കുന്ന വേഷങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കി. ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ നല്‍കി. തന്റെ വേരുകളുമായും പ്രേക്ഷകരുമായും വീണ്ടും ബന്ധപ്പെടാന്‍ സഹായിച്ചു.
നവോന്മേഷകരമായ കാഴ്ചപ്പാടോടെയും പുതിയ ലക്ഷ്യബോധത്തോടെയും വ്യവസായത്തിലേക്ക് മടങ്ങിയപ്പോള്‍, അവധിയെടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഫലം കണ്ടു. അക്ഷയ് കുമാര്‍, അനന്യ പാണ്ഡെ എന്നിവര്‍ക്കൊപ്പം ‘കേസരി: അദ്ധ്യായം 2’ ലും അദ്ദേഹം അഭിനയിക്കും. കൂടാതെ, അജയ് ദേവ്ഗണ്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരോടൊപ്പം ‘ദേ ദേ പ്യാര്‍ ദേ 2’ യിലും അദ്ദേഹം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.