Oddly News

പകുതി പെണ്ണും പകുതി ആണും ആയ അപൂര്‍വ പക്ഷി ; 100 വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രമുള്ള കാഴ്ച പകര്‍ത്തി ഗവേഷകര്‍

പകുതി പെണ്ണും പകുതി ആണും ആയ അപൂര്‍വ പക്ഷി കണ്ടെത്തി പക്ഷിഗവേഷകര്‍. പകുതി പച്ചയും പകുതി നീലയുമുള്ള പക്ഷിയെ ഇവര്‍ ക്യാമറയില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഹണിക്രീപ്പര്‍ വിഭാഗത്തില്‍ പെടുന്ന പക്ഷിയെയാണ് ഇവര്‍ കണ്ടെത്തിയത്. ഇതിന്റെ പച്ച നിറം പെണ്ണും നീലനിറം ആണിനെയും സൂചിപ്പിക്കുന്നു. 100 വര്‍ഷത്തിനിടയില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് ഇത്.

ഒട്ടാഗോ സര്‍വകലാശാലയിലെ സുവോളജിസ്റ്റ് പ്രൊഫസര്‍ ഹാമിഷ് സ്‌പെന്‍സറും അമേച്വര്‍ പക്ഷിശാസ്ത്രജ്ഞനായ ജോണ്‍ മുറില്ലോയും ചേര്‍ന്നായിരുന്നു പക്ഷിയെ കണ്ടെത്തിയത്. കൊളംബിയയില്‍ ഒരു അവധിക്കാലം ചെലവഴിക്കുമ്പോള്‍ ഉണ്ടായ കണ്ടെത്തല്‍ ഇവര്‍ അപ്പോള്‍ തന്നെ ക്യാമറയില്‍ പകര്‍ത്തി.

ബിലറ്ററല്‍ ജിനന്‍ട്രോമോഫിക് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു പക്ഷിയുടെ ശരീരത്തിന്റെ എതിര്‍വശങ്ങളിലായി ആണിന്റെയും പെണ്ണിന്റെയും സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. അത്തരം പക്ഷികളില്‍, ശരീരത്തിന്റെ ഒരു വശം ആണ്‍ തൂവലും പ്രത്യുല്‍പാദന അവയവങ്ങളുമുള്ള പുരുഷനായി കാണപ്പെടുന്നു, മറുവശം സ്ത്രീ തൂവലും പ്രത്യുല്‍പാദന അവയവങ്ങളും ഉള്ള സ്ത്രീയായി കാണപ്പെടുന്നു.

പക്ഷിയുടെ ആദ്യകാല വികാസത്തിലെ ജനിതക അപാകത മൂലമാണ് ഈ അപൂര്‍വ സവിശേഷത ഉണ്ടാകുന്നത്, അവിടെ കോശങ്ങള്‍ ആണിന്റെയും പെണ്ണിന്റെയും സ്വഭാവങ്ങളായി വേര്‍തിരിക്കുന്നു. പല പക്ഷിനിരീക്ഷകര്‍ക്കും ജീവിതകാലം മുഴുവന്‍ പോയാലും ഇത്തരം ഇനത്തില്‍പ്പെട്ട പക്ഷിയെ കണ്ടെത്തുക അപൂര്‍വ്വമായിരിക്കുമെന്ന് പ്രൊഫസര്‍ സ്‌പെന്‍സര്‍ പറഞ്ഞു.

കണ്ടെത്തലുകളുടെ വിശദാംശങ്ങള്‍ ജേണല്‍ ഓഫ് ഫീല്‍ഡ് ഓര്‍ണിത്തോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, ഇത് 100 വര്‍ഷത്തിലേറെയായി ഈ ഇനത്തിലെ ഗൈനാന്‍ഡ്രോമോര്‍ഫിസത്തിന്റെ രണ്ടാമത്തെ റെക്കോര്‍ഡ് ഉദാഹരണമായി കണ്ടെത്തലിനെ പട്ടികപ്പെടുത്തുന്നു.