‘ജനഗണമന’ ഉള്‍പ്പെടെ ഇന്ത്യയിലെ അനേകം ദേശഭക്തിഗാനങ്ങള്‍ക്ക് തന്റേതായ ഭാഷ്യം ചമച്ചിട്ടുളളയാളാണ് എ.ആര്‍. റഹ്മാന്‍. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ ജനഹൃദയങ്ങളി ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാസി നസ്റുല്‍ ഇസ്ലാം എഴുതിയ ബംഗാളി ദേശഭക്തി ഗാനം ‘കാരാര്‍ ഓയ് ലൗഹോ കോപതി’ ല്‍ കൈവെച്ചപ്പോള്‍ പൊള്ളി. പ്രശസ്ത ഗാനം ഓസ്‌കാര്‍ ജേതാവിനെ വിവാദത്തിലാക്കിയിരിക്കുകയാണ്. ഗാനം റഹ്മാന്‍ നശിപ്പിച്ചെന്നാണ് ആക്ഷേപം.
ഇഷാന്‍ ഖട്ടറും മൃണാല്‍ ഠാക്കൂറും മറ്റും അഭിനയിക്കുന്ന യുദ്ധചിത്രമായ പിപ്പയിലാണ് ഈ ഗാനം ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഗാനം പുറത്തുവന്നതിന് പിന്നാലെ റഹ്മാന് കടുത്ത വിമര്‍ശനം നേരിടേണ്ടി വരികയാണ്. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന വേര്‍ഷന്‍ പാട്ടിന്റെ സാരാംശം തന്നെ മാറ്റിമറിച്ചതായി സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പരാതിപ്പെട്ടു. വര്‍ഷങ്ങളായി നിരവധി സംഗീതജ്ഞര്‍ ഈ പ്രസിദ്ധമായ ദേശഭക്തി ഗാനത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ റെന്‍ഡര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പാട്ടിന്റെ ആത്മാവിന് ഒരു കോട്ടവും വരുത്തിയിട്ടില്ലെന്നും റഹ്മാന്‍ അതെടുത്തപ്പോള്‍ പാളിപ്പോയെന്നുമാണ് വിമര്‍ശനം.
പിപ്പയിലെ വേര്‍ഷനോടെ പാട്ടിന്റെ ആത്മാവിന് അതിന്റെ സത്ത നഷ്ടപ്പെട്ടതായി ആളുകള്‍ക്ക് തോന്നുന്നെന്നായിരുന്നു ഒരാളിന്റെ കുറിപ്പ്. പാട്ടിന്റെ പേരില്‍ റഹ്മാനെ വിമര്‍ശിക്കുന്ന പ്രമുഖരില്‍ സംഗീത സംവിധായകന്‍ ദേബോജ്യോതി മിശ്രയുമുണ്ട്. പ്രതിഭാശാലിയായ സംഗീതസംവിധായകനും ചിന്താശീലനുമായ വ്യക്തിയെന്ന നിലയില്‍ റഹ്മാന്‍ എല്ലാവര്‍ക്കും പരിചിതനാണ്. വ്യക്തിപരമായി, അവന്‍ എന്റെ ഒരു നല്ല സുഹൃത്തുമാണ്. എന്നിരുന്നാലും, ഇതിഹാസ കവിയും സംഗീതസംവിധായകനുമായ കാസി നസ്റുല്‍ ഇസ്ലാമിന്റെ ഐതിഹാസിക ഗാനം ക്രൂരമായി കൊല്ലപ്പെട്ടതായി കാണപ്പെടുന്നത് വേദനാജനകമാണ്. മറ്റു പലരെയും പോലെ, ഈ ദുരന്തത്തില്‍ ഞാനും ഞെട്ടിപ്പോയി.” അദ്ദേഹം കുറിച്ചു.