Good News

ചെറുപ്രായത്തില്‍ പോളിയോ കുത്തിവയ്പ്പില്‍ കാലുകള്‍ തളര്‍ന്നു; സുവര്‍ണ നേട്ടങ്ങളുമായി സുവര്‍ണ രാജ്

സുവര്‍ണ രാജിന്റെ ജീവിതം വളരെ വിസ്മയങ്ങള്‍ നിറഞ്ഞതാണ്. ദേശീയ മെഡലുകള്‍ സ്വന്തമാക്കുന്നതിന് മുതല്‍ രാജ്യന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതു വരെ വൈകല്യം ഒരിക്കലും അവളുടെ ശരീരത്തിനെയോ മനസ്സിനെയോ തളര്‍ത്തിയിരുന്നില്ല. സുവര്‍ണ ഒരു പാരാ അത്ലീറ്റും ആക്സസിബിലിറ്റി അഭിഭാഷകയുമാണ്.

സ്വന്തം ജീവിതം കൊണ്ടാണ് സ്വപ്നം സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്നവരെ ഇവര്‍ പ്രചോദിപ്പിക്കുന്നത്. പോളിയോ ബാധിച്ച് തന്റെ ഇരുകാലുകളും തളര്‍ന്നിട്ടും വിവാഹിതയായി കുടുംബജീവിതം നയിക്കാനും ഒരു കായികതാരമായി ഇന്ത്യയ്ക്കുവേണ്ടി പല മത്സരങ്ങളില്‍ മെഡലുകള്‍ വാരികൂട്ടാനും സുവര്‍ണയെ സഹായിച്ചത് മനോധൈര്യമാണ്.

രണ്ടാം വയസ്സില്‍ പോളിയോ കുത്തിവെയ്പ്പിലൂടെയാണ് സുവര്‍ണ രാജ് എന്ന പെണ്‍കുട്ടിയുടെ അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന് പോയത്. പല ചികിത്സകളും ചെയ്തുവെങ്കിലും ഫലം കണ്ടില്ല. മാതാപിതാക്കള്‍ അവളുടെ അസുഖം മാറാന്‍ പല ചികിത്സകളും നടത്തി. എന്നാല്‍ ജീവിതത്തില്‍ അവള്‍ക്ക് മുറിപ്പാടായിത് സ്വന്തം അച്ഛന്റെ തിരസ്‌കരണമായിരുന്നു. മകള്‍ക്ക് വൈകല്യമുണ്ടെന്ന പിതാവിന്റെ കുറ്റപ്പെടുത്തല്‍ ആ കുഞ്ഞുമനസ്സിനെ വേദനിപ്പിച്ചു.

വികലാംഗകരായ കുട്ടികളുടെ ഹോസ്റ്റലില്‍ അവളെ ചേര്‍ത്തു. ആളുകളുടെ തുറിച്ച് നോട്ടം അവളുടെ ബിരുദപഠനം വരെ പിന്തുടര്‍ന്നിരുന്നു.എന്നാല്‍ പഠനം പൂര്‍ത്തികരിച്ചു. ചെറുപ്പം മുതല്‍ സ്പോര്‍ട്ട്സിനോട് അടങ്ങാത്ത സ്നേഹം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു സുവര്‍ണ.ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിന്‍ എന്നിവയില്‍ ദേശീയ മെഡലുകള്‍ സ്വന്തമാക്കി. പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണവും വെള്ളിയും അങ്ങനെ സ്പോര്‍ട്ട്സില്‍ സുവര്‍ണയുടെ യാത്ര തുടര്‍ന്നു.

ഒരു കായിക പരിപാടിയില്‍ വെച്ച് കണ്ടുമുട്ടിയ പാരാ ആത്ലീറ്റ് പ്രദീപുമായി സുവര്‍ണ പ്രണയത്തിലായി. പിന്നീട് ഇരുവരും വിവാഹം കഴിച്ചു.ഒരു കുഞ്ഞിന്റെ അമ്മയായതോടെ അവര്‍ കരിയറില്‍ നിന്നും ഇടവേളയെടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ടെന്നീസിലൂടെയാണ് കായിക ലോകത്തേക്ക് അവര്‍ മടങ്ങി വന്നത്.2014 ലെ പാരാ ഏഷ്യന്‍ ഗെയിംസിലും 2022ല്‍ ചൈനയിലെ ഹാങ്ഷൗ പാരാ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. താന്‍ ആരാണെന്ന് തെളിക്കാനായി നീണ്ട 31 വര്‍ഷമെടുത്തു. 33ാം വയസ്സില്‍ രാജ്യം അവാര്‍ഡ് നല്‍കി അവളെ ആദരിച്ചു.

പാരാ-അത്‌ലീറ്റും വികലാംഗ അവകാശ അഭിഭാഷകയുമായ സുവര്‍ണ രാജിനെ 2024ല്‍ യുഎന്‍ എസ്ഡിജി ആക്ഷന്‍ അവാര്‍ഡ് നല്‍കിയും ആദരിച്ചു. 190 രാജ്യങ്ങളില്‍ നിന്നുള്ള 5500 ലധികം അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സുവര്‍ണ, ഇന്ത്യയിലുള്ള വികലാംഗര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനാണ് അംഗീകാരം ലഭിച്ചത്. ഈ അവാര്‍ഡ് സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വികലാംഗ വനിത കൂടിയാണ് സുവര്‍ണ.