Crime

ക്ലാസ് നടക്കുന്നതിനിടെ വയറുവേദന; ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ പ്രസവിച്ചു; 28കാരൻ അറസ്റ്റിൽ

കർണാടകയിൽ ഷഹപുർ താലൂക്കില്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പൊലീസ് അറസ്റ്റു ചെയ്തു. സ്കൂൾ സമയത്താണ് 17കാരിയായ വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചത്. സഹപാഠികൾ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. അധികൃതർ ഉടൻ തന്നെ വിദ്യാർഥിനിയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഒമ്പതുമാസം മുമ്പ് അജ്ഞാത ഒരു വ്യക്തി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. പെൺകുട്ടി ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു . കഠിനമായ വയറുവേദന അനുഭവപ്പെട്ടതോടെ ശുചിമുറിയിൽ പോകുകയും തുടർന്ന് പ്രസവിക്കുകയുമായിരുന്നെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. തുടർന്നാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമായാൽ കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കുമെന്നും എന്താണ് സംഭവിച്ചതെന്ന് ചോദിച്ചറിയുമെന്നും പൊലീസ് പറഞ്ഞു. ഹോസ്റ്റൽ വാർഡൻ, സ്കൂൾ പ്രിൻസിപ്പല്‍, വിദ്യാർഥിനിയുടെ സഹോദരൻ, നഴ്സ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ മറച്ചുവച്ചതിനാണ് ഇവർക്കെതിരെ കേസ്.