Good News

ജീവിതം ഭൂമിക്ക് സമര്‍പ്പിച്ച ഒരമ്മ; ലോകത്തിന് മാതൃകയാണ് ഇന്ത്യയുടെ ഈ ‘ വിത്ത് മാതാവ്’

തന്റെ പത്താം വയസ്സില്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം സ്‌കൂള്‍ ജീവിതം നഷ്ടപ്പെടുത്തിയ ഒരു പെണ്‍കുട്ടി. പിന്നീട് അവള്‍ കൃഷിയുടെ വഴിയിലേക്ക് തിരിഞ്ഞു. ഇന്ന് ഒരു രാജ്യത്തിന് മുഴുവന്‍ ‘വിത്ത് മാതാവാണ് റാഹിബായ് സോമ എന്ന വനിത.. ബിബിസിയുടെ ” 100 സ്ത്രീകളുടെ 2018 ” പട്ടികയിലെ മൂന്ന് ഇന്ത്യക്കാരിൽ ഇവരും ഉൾപ്പെടുന്നു. മികച്ച വിത്ത് സേവർ അവാർഡ്, BAIF ഡെവലപ്‌മെന്റ് റിസർച്ച് ഫൗണ്ടേഷൻ മികച്ച കർഷകനുള്ള അവാർഡ് , നാരി ശക്തി പുരസ്‌കാരം , 2020ല്‍ രാജ്യം റാഹിബായ് സോമയ്ക്ക് പത്മശ്രീ നല്‍കി ആദരിച്ചു.


എന്നന്നേക്കുമായി തേഞ്ഞ് മാഞ്ഞ് പോകുമായിരുന്ന നൂറ് കണക്കിന് നാടന്‍ വിത്തിനങ്ങളാണ് ഈ അമ്മ സംരക്ഷിക്കുന്നത്. മക്കൾക്കും കൊച്ചുമക്കളും നിരന്തരം രോഗബാധിക്കുന്നത് കണ്ട് ഭക്ഷണരീതിയും ആഹാരപദാര്‍ഥങ്ങളുമെല്ലാം സ്വയം ഉല്‍പാദിപ്പിക്കാന്‍ വേണ്ടി മഹാരാഷ്ട്രയിലെ റാഹിബായ് സോമ പ്രാദേശിക വിത്തുകള്‍ ശേഖരിക്കുകയും സ്വയം സഹായ സംഘം രൂപികരിക്കുകയും ചെയ്തു.

ഏതാണ്ട് 154 നാടന്‍ വിത്തുകള്‍ ഇന്നും ഇന്ത്യയുടെ ‘ വിത്തമ്മ’ അല്ലെങ്കില്‍ ‘ വിത്തു സ്ത്രീ’ എന്നറിയപ്പെടുന്ന ഇവര്‍ സംരക്ഷിച്ചുപോകുന്നു.
മണ്ണ് നമ്മുടെ അമ്മയെപ്പോലെയാണ്. വിവാഹിതയായ ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് അവളുടെ മാതാപിതാക്കളുടെ വീട്ടിലെത്തുമ്പോള്‍ ലഭിക്കുന്ന സ്‌നേഹവും കരുതലുമാണ് നമുക്ക് നമ്മുടെ മാതൃഭൂമിയുമായുള്ള ബന്ധം. ആ വികാരത്തോടെയാണ് വിത്ത് വിതയ്ക്കുന്നതെന്നാണ് റാഹിബായ് പറയുന്നത്.

തനിക്ക് തന്റെ വീടും കൃഷിയിടവുമായിരുന്നു എല്ലാം. എന്നാല്‍ മക്കൾക്കും കൊച്ചുമക്കള്‍ക്കും രോഗം ബാധിച്ചപ്പോഴാണ് അവർ ആ കാര്യം ശ്രദ്ധിക്കുന്നത്. ഇത് സംഭവിക്കുന്നത് കീടനാശിനിയും രാസവളവും ഉപയയോഗിക്കുന്നത് കൊണ്ടാണെന്ന് കണ്ടെത്തിയ അവര്‍ നഷ്ടപ്പെട്ട ആരോഗ്യം കൃഷിയിലൂടെ തിരിച്ച് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു ഒരു ആയുഷ്കാലം. മാര്‍ക്കറ്റിലും മറ്റുമായി ലഭിക്കുന്ന പഴയ ഇനം അരിയും ദാന്യങ്ങളും വിത്തുമെല്ലാം ഇപ്പോള്‍ ഈ അമ്മയുടെ കൈയിലുണ്ട്.

ആദ്യ കാലങ്ങളില്‍ അവര്‍ ചുറ്റിലുമുള്ളവരില്‍ നിന്ന് കളിയാക്കലുകള്‍ കേള്‍ക്കേണ്ടതായി വന്നെങ്കിലും പിന്നീട് അംഗീകാരത്തിന്റെ ഒരു നീണ്ടനിരയായിരുന്നു.വിത്ത് തിരഞ്ഞെടുക്കല്‍, മണ്ണിന്റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതികതകള്‍, കീടനിയന്ത്രണങ്ങള്‍ എന്നിവയെക്കുറിച്ച് റാഹിബായി ഇപ്പോള്‍ കര്‍ഷകരെയും വിദ്യാര്‍ഥികളെയും പരിശീലിപ്പിക്കുന്നുണ്ട്. .നാടന്‍ വിത്തുകളുടെ സംരക്ഷണത്തിനായി ഇവർ ‘ കല്‍സുഭായ് പരിസാര്‍ ബിയാനീ സംവര്‍ധന്‍ സമിതി’ എന്ന പേരില്‍ ഒരു സ്വയം സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.