ഒരു ദശാബ്ദത്തിന് ശേഷം അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഒരു ഇന്ത്യൻ പ്രവാസിയുടെ നിരാശജനകമായ പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ വൈറലാകുന്നത്. “തകർന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ”, “മലിനമായ വായു”, “പൗരബോധത്തിൻ്റെ പ്രകടമായ അഭാവം” എന്നിവ വിവരിക്കുന്ന ഇന്ത്യൻ നഗര ജീവിതത്തിൻ്റെ ഒരു ഭീകരമായ അവസ്ഥയെക്കുറിച്ചാണ് യുവാവ് തന്റെ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്.
എട്ട് വർഷമായി യുഎസിൽ താമസിക്കുകയും ഫോർച്യൂൺ 500 കമ്പനികളിൽ ജോലി ചെയ്യുകയും ചെയ്തുവെന്ന് അവകാശപ്പെടുന്ന യുവാവ്, ജോലിയും എച്ച്-1 ബി വിസയും നഷ്ടപ്പെട്ടതിനെത്തുടർന്ന് 2024 ൻ്റെ തുടക്കത്തിലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഒരു വർഷമായി, അദ്ദേഹം ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ താമസിച്ചിരുന്നു. എന്നാൽ രാജ്യത്തെ ജീവിത നിലവാരത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് യുവാവ് പറയുന്നു.
“ശരിക്കും മോശം റോഡുകൾ. കുഴികൾ പെരുകുന്നു. റോഡുകൾ നന്നാക്കാൻ ആരും ശ്രമിക്കുന്നില്ല,” അദ്ദേഹം എഴുതുന്നു. “ഒരിക്കലും അവസാനിക്കാത്ത നിർമ്മാണ പ്രവർത്തനങ്ങൾ”, “മലിനമായ വെളുത്ത പൊടി”, മലിനമായ വായു മൂലമുള്ള അസ്വസ്ഥതകൾ തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം പങ്കുവെച്ചു. “ആളുകൾ മൃഗങ്ങളെപ്പോലെ വാഹനമോടിക്കുന്നു, പൊതു സ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നു, മാലിന്യം തള്ളുന്നു” , ഉദാസീനമായ നാഗരിക പെരുമാറ്റത്തെയോർത്ത് താൻ വിലപിക്കുകയാണെന്ന് യുവാവ് പങ്കുവെച്ചു.
പോസ്റ്റ് ഓൺലൈനിൽ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റിയതോടെ, നിരവധി ആളുകളാണ് പ്രതികരണമറിയിച്ച് രംഗത്തെത്തിയത്. നിരവധി ഉപയോക്താക്കൾ സഹതപിച്ചപ്പോൾ, മറ്റുള്ളവർ അദ്ദേഹം വലിയ ആളുകളിക്കുകയാണെന്ന് വാദിച്ചു. “കുടുംബപരമായ കാരണങ്ങളാൽ ഞാൻ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മാറി. അവിടെ 2.5 വർഷം താമസിച്ചു. ദീർഘകാലം അവിടെ താമസിക്കാൻ കഴിയുമെന്ന് എനിക്കുറപ്പില്ലായിരുന്നു. അതിനാൽ 3-4 വർഷത്തിനുള്ളിൽ ഒരു ബാക്കപ്പ് പാസ്പോർട്ട് ലഭിക്കുമെന്ന് കരുതി ഞാൻ കാനഡയിലേക്ക് മാറി.
നിങ്ങൾ ഇന്ത്യയിലേക്ക് മാറുകയാണെങ്കിൽ, നിങ്ങൾ സൂചിപ്പിച്ച എല്ലാ പ്രശ്നങ്ങളും നിങ്ങൾ അംഗീകരിക്കണം. നമ്മുടെ ജീവിതകാലം മുഴുവൻ ഇന്ത്യ അങ്ങനെ തന്നെ തുടരാനാണ് സാധ്യത. ഏറ്റവും നല്ല സാഹചര്യത്തിൽ, 25 മുതൽ 30 വർഷം വരെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്നത്തെ ചൈനയെപ്പോലെ ഒരുപക്ഷെ ഇന്ത്യ മാറിയേക്കാം. എന്നിരുന്നാലും, പണപ്പെരുപ്പത്തിനനുസരിച്ച് പ്രതിശീർഷ ജിഡിപി ക്രമീകരണം -ഇപ്പോഴും കുറവായിരിക്കും.
ഇന്ത്യയിൽ തുടരാൻ നിങ്ങൾക്ക് ശക്തമായ വ്യക്തിപരമായ കാരണങ്ങളുണ്ടെങ്കിൽ, തുടരുക. അല്ലാത്തപക്ഷം, നിങ്ങൾക്ക് H1B ഉള്ളതിനാൽ, യുഎസിലെ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് തുടരുക. ഞാൻ സ്വീകരിച്ച സമീപനവും നിങ്ങൾക്ക് പരിഗണിക്കാം: കുറഞ്ഞത് ഒരു പാസ്പോർട്ട് ലഭിക്കാൻ മറ്റൊരു പാശ്ചാത്യ രാജ്യത്തേക്ക് മാറുക. എന്നാൽ ഓർക്കുക, കാനഡയോ ഓസ്ട്രേലിയയോ യുകെയോ യൂറോപ്പോ ഒരിക്കലും വിദഗ്ധരായ എഞ്ചിനീയർമാർക്കായി യുഎസ് നൽകുന്ന അതേ തലത്തിലുള്ള അവസരങ്ങളോ ജീവിത നിലവാരമോ ആരോഗ്യ പരിരക്ഷയോ നൽകില്ല. മറ്റെവിടെയെങ്കിലും മറ്റൊരു ‘യുഎസ്’ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കരുത്” ഒരാൾ കുറിച്ചു.
“എനിക്ക് അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ കഴിയും. ഡൽഹിയിലെ വായു മാത്രം മതി ആരുടെയും ആത്മാവിനെ തകർക്കാൻ,” മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. മറ്റൊരാൾ കൂട്ടിച്ചേർത്തു, “റിവേഴ്സ് കൾച്ചർ ഷോക്ക് യഥാർത്ഥമാണ്. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്ത പ്രതീക്ഷകളുമായാണ് നിങ്ങൾ തിരികെ വരുന്നത്”. മറ്റൊരാൾ കുറിച്ചു, “അദ്ദേഹം അമേരിക്കയെ വളരെയധികം സ്നേഹിച്ചിരുന്നെങ്കിൽ, അവൻ അവിടെ താമസിക്കണമായിരുന്നു”, “എല്ലാ രാജ്യത്തിനും അതിന്റെതായ പ്രശ്നങ്ങളുണ്ട്” എന്നാണ്.