തകരാറിലായ ഒരു ലിഫ്റ്റിനുള്ളിൽ കുടുങ്ങിപ്പോകാൻ സാധ്യതയുണ്ടായിരുന്ന രണ്ട് ചെറിയ കുട്ടികളെ സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു പെൺകുട്ടി രക്ഷിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ആ പെൺകുട്ടി പ്രകടിപ്പിച്ച ധൈര്യവും മനക്കരുത്തും വലിയ രീതിയിലുള്ള പ്രശംസയാണ് നേടുന്നത്.
എക്സിൽ പങ്കുവെച്ച 41 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളിൽ, ലിഫ്റ്റിന്റെ വാതിലുകൾ അടയാൻ തുടങ്ങുമ്പോൾ രണ്ട് കുട്ടികൾ അതിനുള്ളിൽ കുടുങ്ങാൻ പോകുന്നത് കാണാം. ഇത് കണ്ടയുടനെ ഒട്ടും മടിക്കാതെ പെൺകുട്ടി മുന്നോട്ട് കുതിക്കുകയും വാതിലുകൾക്കിടയിൽ കൈ വെച്ച് അവ തുറക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അടുത്തുണ്ടായിരുന്ന ഒരു സ്ത്രീയും പെൺകുട്ടിയെ സഹായിക്കുന്നുണ്ട്.
ഒരു ഘട്ടത്തിൽ വാതിലുകൾ അല്പം തുറന്നപ്പോൾ, അവ വീണ്ടും അടയാതിരിക്കാൻ പെൺകുട്ടി ധൈര്യപൂർവ്വം വാതിലുകൾക്കിടയിൽ നിൽക്കുകയും കൈകൾ കൊണ്ട് തള്ളിപ്പിടിക്കുകയും ചെയ്തു. തുടർന്ന് ഒരു കുട്ടിയെ എടുത്ത് പുറത്തുണ്ടായിരുന്ന സ്ത്രീക്ക് കൈമാറി. മറ്റൊരു കുട്ടിയെ മറ്റൊരു സ്ത്രീയും രക്ഷപ്പെടുത്തി. വീഡിയോയുടെ മറ്റൊരു ഭാഗത്ത്, ഒരു സ്ത്രീ പെൺകുട്ടിയെയും എടുത്ത് സുരക്ഷിതമായി പുറത്തേക്ക് മാറ്റുന്നത് കാണാം. ഈ സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല.
പെൺകുട്ടിയുടെ ധീരതയെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. അവളെ അതിസാഹസികയെന്നും ‘ദുർഗ്ഗാ ദേവി’യോടുമാണ് പലരും ഉപമിച്ചത്. അപകടം തിരിച്ചറിഞ്ഞ് പെൺകുട്ടി കാണിച്ച ധൈര്യത്തെ എല്ലാവരും പ്രശംസിക്കുന്നുണ്ടെങ്കിലും ലിഫ്റ്റുകളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വലിയ ആശങ്കയാണ് ഈ വിഡിയോ ഉയർത്തുന്നത്.
‘അവിശ്വസനീയമായ ധൈര്യമുള്ളവള്‍’ എന്നാണ് പെൺകുട്ടിയെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. അതേസമയം, തകരാറുള്ള ലിഫ്റ്റുകൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരെ നടപടി വേണമെന്നും കുട്ടികളെ തനിയെ ലിഫ്റ്റിൽ വിടരുതെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ലിഫ്റ്റ് കമ്പനിക്കെതിരെ നടപടി വേണമെന്ന് ചിലർ ആവശ്യപ്പെട്ടു. “ലിഫ്റ്റ് പരിപാലിക്കുന്ന കമ്പനിയെ പിരിച്ചുവിടുകയോ അവർക്കെതിരെ കേസെടുക്കുകയോ വേണം,” എന്നായിരുന്നു ഒരു കമന്റ്.
എന്നാൽ, ലിഫ്റ്റിന്റെ വാതിലുകൾ ഇത്തരത്തിൽ ബലമായി തുറന്നുവെക്കാൻ ശ്രമിക്കരുതെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു. ലിഫ്റ്റിനുള്ളിൽ കയറി മറ്റൊരു നിലയിലേക്ക് പോകുന്നതാണ് സുരക്ഷിതമെന്നും, ഇത്തരത്തിൽ ചെയ്യുന്നത് പരിക്കേൽക്കാനും ലിഫ്റ്റ് തകരാറിലാകാനും കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി. എങ്കിലും, ആ നിമിഷത്തിൽ മാതാപിതാക്കളേക്കാൾ ഉത്തരവാദിത്തവും കൂർമ്മബുദ്ധിയും ആ പെൺകുട്ടി കാണിച്ചുവെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു.




